നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; ഇന്ന് വൈകുന്നേരം പവന് ഹാന്‍സിലെ വിലെ പാര്‍ലെ സേവ സമാജത്തിലെ ഹിന്ദു സെമിത്തേരിയിൽ സംസ്കാരം നടത്തും

ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം സ്വകാര്യ വിമാനത്തില്‍ ദുബായില്‍ നിന്ന് മുംബൈയിലെത്തിച്ചു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന് അനില്‍ കപൂര്‍ ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സിലാണ് മൃതദേഹം മുംബൈയിലെ ബോണി കപൂറിന്റെ വസതിയിലെത്തിക്കുക. ശനിയാഴ്ച അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് നടപടികള്‍ പൂര്‍ത്തിയാക്കി ദുബായ് പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
ഇന്ന് വൈകുന്നേരം 3.30 ന് പവന് ഹാന്‍സിലെ വിലെ പാര്‍ലെ സേവ സമാജത്തിലെ ഹിന്ദു സെമിത്തേരിയിൽ സംസ്കാരം നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഇവിടെനിന്നും ഉച്ചയ്ക്ക് രണ്ടോടെ വിലാപയാത്രയായി സെമിത്തേരിയിലേക്ക് കൊണ്ടുപോകും.
കുടുംബവിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ദുബായിലെത്തിയ ശ്രീദേവിയെ ശനിയാഴ്ചയാണ് ഹോട്ടലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പോലീസ് അറിയിച്ചിരുന്നു. ശ്രീദേവി മരിച്ചത് അബദ്ധത്തിലുള്ള മുങ്ങിമരണം മൂലമാണെന്ന പ്രോസിക്യൂഷന് റിപ്പോര്‍ട്ട് പോലീസ് ശരിവെച്ചതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha


























