കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!

ഗൗരവഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷവിധാനത്തിലുള്ള ജയസൂര്യയുടെ പുതിയ ലുക്ക് പുറത്തുവന്നു. കൈയിൽ കുരിശിന്റെ സാദൃശ്യമുള്ള ഇരുമ്പുദണ്ഡുമായി നിൽക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ കെ. ജോസ് ആണ്. 'മായൻ' എന്ന പേര് സൂചിപ്പിക്കും പോലെ പല മായാവിദ്യകളും നിറഞ്ഞതായിരിക്കും ചിത്രമെന്ന് ഇതുവരെയെത്തിയ ലുക്കുകളിൽ നിന്നും വ്യക്തമാണ്. മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ പ്രമേയത്തിലും വലിയ പുതുമയുണ്ടെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സത്യവും മിഥ്യയും കൈകോർക്കുന്ന ഈ ചിത്രം, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ഫാൻ്റസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജന അനൂപ്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മുജീബ് മജീദ് സംഗീതവും ഫൈസൽ അലി ഛായാഗ്രഹണവും പ്രവീൺ കുമാർ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സുനിൽ ദാസ് കലാസംവിധാനവും സമീരാ സനീഷ് കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്യുന്നു.
https://www.facebook.com/Malayalivartha


























