വിദേശ വിപണിയിൽ ഇടം പിടിച്ച് സപ്ലൈകോ ഉത്പന്നങ്ങൾ; ആദ്യമായി ജിസിസിയിലെ മാർക്കറ്റിൽ സപ്ലൈകോ ഉത്പന്നങ്ങൾ എത്തുകയാണ്, അബുദാബിയിലെ മലയാളികളിലേക്ക് നാടിൻറെ പാരമ്പര്യം വിളിച്ചോതുന്ന ശബരി പ്രീമിയം ടീയാണ് എത്തുക...
മലയാളികളെ ആവേശത്തിലാഴ്ത്തി സപ്ലൈകോ ഉത്പന്നങ്ങൾ വിദേശ വിപണിയിൽ ഇടം പിടിച്ചിരിക്കുകയാണ്. അബുദാബിയിലെ മലയാളികളിലേക്കാണ് സപ്ലൈകോ ഉത്പന്നങ്ങൾ എത്താൻ പോകുന്നത്. ആദ്യമായി ജിസിസിയിലെ മാർക്കറ്റിലെത്തുന്നത് ശബരി പ്രീമിയം ടീയാണ് എന്നതാണ്. വിതരണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാലയ്ക്ക് നൽകി നിർവ്വഹിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കേരളത്തിന്റെ രുചികൂട്ടുകളും വൈകാതെ ജിസിസിയിൽ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അങ്ങനെ മാസത്തിൽ 20 ടൺ ശബരി പ്രീമിയം തേയിലയാണ് യുഎഇയിൽ ഇറക്കുമതി ചെയ്യുക. ഗൾഫ് രാജ്യങ്ങളിൽ വിതരണത്തിനായി ബി ഫ്രഷ് ആയാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ ഇത് ഭാവിയിൽ അഞ്ചിരട്ടിയായി വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
കൂടാതെ മലയാളികൾക്ക് നാടിന്റെ രുചിയറിയാനാവുന്ന അവസരങ്ങൾ ഇനിയും ആസൂത്രണം ചെയ്യാനാണ് സപ്ലൈകോ നിലവിൽ ആലോചിക്കുന്നത്. ചടങ്ങിൽ സിവിൽ സപ്ലൈസ് കോർപറേഷൻ ചെയർമാനും എംഡിയുമായ ഡോ. സഞ്ജീബ് പട്ജോഷി, ബി ഫ്രഷ് എംഡി പി.വി അബ്ദുൽ നിസാർ, ജനറൽ മാനേജർ നഷീം എഎൻ, ലുലു സിഒഒ വി.ഐ സലീം, നെല്ലറ ഷംസുദ്ദീൻ, എ.എ.കെ മുസ്തഫ, പി.കെ ഷഹബാൻ എന്നിവർ പങ്കെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha