അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി

ഇവിടെ സ്വന്തം വീട്ടിലേക്ക് പോകാൻ പോലും ഭർത്താവിന്റെ അനുവാദം വേണം. അതിന് സമ്മതം ചോദിച്ചതിന്റെ പേരിൽ ഒരു 14 വയസ്സുകാരിക്ക് നഷ്ടമായത് സ്വന്തം ജീവനാണ്. പ്രസവിച്ച് വെറും പത്തുദിവസം മാത്രം പിന്നിട്ടപ്പോഴാണ് ഭർത്താവിന്റെ ക്രൂരമർദനത്തിൽ ആ പെൺകുട്ടി കൊല്ലപ്പെട്ടത്. ഇറാനിൽ നിന്നുള്ള ഈ വാർത്ത ലോകത്തെ തന്നെ ഞെട്ടിക്കുകയാണ്.
സോഗന്ദ് മൊഷ്താരെക്കി എന്ന 14 വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇറാനിലെ കെർമാൻ പ്രവിശ്യയിലായിരുന്നു സംഭവം. വെറും 13 വയസ്സുള്ളപ്പോഴാണ് സോഗന്ദിന്റെ വിവാഹം നടന്നത്. ഭർത്താവിന് അന്ന് 20 വയസ്സായിരുന്നു. വിവാഹജീവിതം തുടങ്ങിയെങ്കിലും സ്വന്തം കുടുംബവുമായി ബന്ധപ്പെടുന്നതിനുപോലും സോഗന്ദിന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഭർത്താവ് വീട്ടിൽനിന്ന് പുറത്തു പോകുമ്പോൾ സോഗന്ദിനെ അകത്തിട്ട് പൂട്ടിയിടാറുണ്ടായിരുന്നുവെന്നും കുടുംബവുമായി ബന്ധപ്പെടുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്നും മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടയിലാണ് സോഗന്ദ് ഒരു കുഞ്ഞിന് ജന്മം നൽകിയത്.
പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ യാത്രാമധ്യേ വാഹനാപകടവും സംഭവിച്ചിരുന്നു. ആ അപകടത്തിൽനിന്ന് രക്ഷപ്പെട്ട സോഗന്ദ് പിന്നീട് കുഞ്ഞിന് ജന്മം നൽകി. എന്നാൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആ പെൺകുട്ടിയെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു.
പ്രസവം കഴിഞ്ഞ് പത്തുദിവസം പിന്നിട്ടപ്പോഴാണ് സോഗന്ദ് സ്വന്തം വീട്ടുകാരെ കാണാനുള്ള ആഗ്രഹം ഭർത്താവിനെ അറിയിച്ചത്. സ്വന്തം അച്ഛനെയും അമ്മയെയും കാണാൻ പോകാൻ അനുവാദം ചോദിച്ചു. എന്നാൽ ഈ ആവശ്യം ഭർത്താവിനെ പ്രകോപിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് സോഗന്ദിനെ ക്രൂരമായി മർദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് പെൺകുട്ടി മരിച്ചതെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ. നവംബർ ആറിനായിരുന്നു കൊലപാതകം. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു ഇയാൾ നൽകിയ വിശദീകരണം. ചോദ്യം ചെയ്യലിൽ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഇയാൾ സമ്മതിച്ചതായാണ് വിവരം.
ഈ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി മാത്രം കാണാനാകില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹവും കുടുംബത്തിനുള്ളിലെ അതിക്രമങ്ങളും ഇറാനിൽ വലിയ ആശങ്കയായി തുടരുകയാണ്.
ഇറാനിലെ നിയമപ്രകാരം പെൺകുട്ടികൾക്ക് 13 വയസ്സിൽ വിവാഹം കഴിക്കാം. അതിൽ താഴെയുള്ള പ്രായത്തിലും ചില നിയമനടപടികളിലൂടെ വിവാഹത്തിന് അനുമതി ലഭിക്കാം. ബാലവിവാഹം പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്വാതന്ത്ര്യവും ആരോഗ്യവും മാത്രമല്ല, അവരുടെ ജീവൻപോലും അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പ്.
ഒരു കുഞ്ഞിന് ജന്മം നൽകി പത്തുദിവസം മാത്രം പിന്നിട്ട അമ്മ. സ്വന്തം അച്ഛനെയും അമ്മയെയും കാണാൻ ആഗ്രഹിച്ച ഒരു പെൺകുട്ടി. ആ ആഗ്രഹം പറഞ്ഞതിന്റെ പേരിൽ അവൾക്ക് ജീവൻ നഷ്ടമായി. അമ്മയെ നഷ്ടപ്പെട്ട ആ പിഞ്ചുകുഞ്ഞിന്റെ ഭാവി ഇനി എന്താകും എന്ന ചോദ്യവും ബാക്കിയാണ്. സ്വന്തം വീട്ടിലേക്ക് പോകാൻ പോലും അനുവാദം ചോദിക്കേണ്ടിവന്ന ആ പതിനാലുകാരിയുടെ ജീവിതം അവസാനിക്കുമ്പോൾ ലോകത്തിന് മുന്നിൽ ഉയരുന്നത് ഒരു വലിയ ചോദ്യമാണ്.
https://www.facebook.com/Malayalivartha























