ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു

ഒമാനിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. രണ്ട് ട്രക്കുകളും യാത്രക്കാരുമായി വന്ന ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.30ഓടെ സുൽത്താൻ സെയ്ദ് ബിൻ തൈമൂർ റോഡിലായിരുന്നു അപകടം.
ആദ്യം രണ്ട് ട്രക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പിന്നാലെ 26 യാത്രക്കാരുമായി എത്തിയ ബസ് നിയന്ത്രണം വിട്ട് ട്രക്കുകളിലൊന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ നാലുപേർ മരിച്ചതായി റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു.
പരിക്കേറ്റവരെ ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചവരുടെ പേരുവിവരങ്ങളോ ദേശീയതയോ അധികൃതർ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























