സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരം സേവന പുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പി.എസ്.സി അംഗീകാരം

ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരം സേവന പുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പി.എസ്.സി യോഗം അംഗീകരിച്ചു. നിശ്ചിത ഫോറത്തിലാകും ഇത് രേഖപ്പെടുത്തുക. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 23 എ ആയി ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നല്‍കിയത്.
യൂനിഫോംഡ് ഫോഴ്‌സിലെ വിവിധ തസ്തികകളിലെ ശാരീരിക അളവെടുപ്പില്‍ പരാജയപ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍നിന്നുള്ള പുനരളവെടുപ്പിനുള്ള അപ്പീലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. നിശ്ചിത ഉയരം/നെഞ്ചളവ് ഇവയില്‍ മൂന്ന് സന്റെിമീറ്റര്‍ വരെയും നിശ്ചിത തൂക്കത്തില്‍ മൂന്ന് കിലോഗ്രാം വരെയും കുറവുള്ളവര്‍ക്കു മാത്രം പുനരളവെടുപ്പിന് അനുമതി നല്‍കും. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍കൂട്ടി നല്‍കുന്ന നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തും.
ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിങ്ങില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ൈഡ്രവര്‍ തസ്തികക്കായി അറിയിച്ച 60 ഒഴിവുകള്‍ കമാന്‍ഡോ തസ്തികയുടെ ഒഴിവുകളായി പരിഗണിച്ച് നല്‍കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കമീഷന്റെ പരിഗണനക്ക് വന്നു. ഈ ഒഴിവുകള്‍ അറിയിച്ചുകൊണ്ടുള്ള പ്രഫോര്‍മ റദ്ദ് ചെയ്ത് കമാന്‍ഡോ തസ്തികയിലേക്ക് പുതുക്കിയ പ്രഫോര്‍മ നല്‍കണമെന്നും ഇതേ തസ്തികയുടെ റാങ്ക് പട്ടികയില്‍നിന്നുള്ള നിയമനം സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിനെ അറിയിക്കാനും കമീഷന്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha

























