മുംബൈയിൽ തകർന്നത് 117 വർഷം പഴക്കമുള്ള കെട്ടിടം; മരണം 19 ആയി
കനത്ത മഴയിൽ ദുരിതം അനുഭവിക്കുന്ന മുംബൈയിൽ കെട്ടിടം തകർന്നുവീണു മരിച്ചവരുടെ എണ്ണം പത്തൊൻപതായി. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. നിരവധി ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സൂചന.
പക്മോഡിയ നഗരത്തിലുള്ള 117 വർഷം പഴക്കമുള്ള മൂന്നുനില കെട്ടിടമാണു തകർന്നു വീണത്. വ്യാഴാഴ്ച രാവിലെ 8.45നായിരുന്നു സംഭവം. പാക്മോഡിയായിലെ മൗലാന ഷൗക്കത്ത് അലി റോഡിലുള്ള അർസിവാല എന്ന കെട്ടിടമാണ് തകർന്നത്. ജെജെ ആശുപത്രിക്കു സമീപമാണ് തകർന്ന കെട്ടിടം.
ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കവും രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയുമാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം മുംബൈയിലെ ദട്കോപറിൽ നാലുനില കെട്ടിടം തകർന്നു വീണ് ഏഴുപേർ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha