പളനിസ്വാമി സർക്കാർ ഒരാഴ്ചയ്ക്കുള്ളിൽ വിശ്വാസവോട്ട് തേടണമെന്ന് തമിഴ്നാട് പ്രതിപക്ഷനേതാവ് സ്റ്റാലിൻ

തമിഴ്നാട് സർക്കാർ വിശ്വാസവോട്ട് തേടണമെന്ന് പ്രതിപക്ഷ നേതാവ് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ. വിശ്വാസവോട്ട് തേടാൻ മുഖ്യമന്ത്രിയോട് ഗവർണർ നിർദേശിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഗവർണർ സി. വിദ്യാസാഗർ റാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ആവശ്യങ്ങൾ ഉന്നയിച്ചത്.
എടപ്പാടി പളനിസ്വാമി സർക്കാരിന് 114 എംഎൽഎമാരുടെ പിന്തുണ മാത്രമാണുള്ളത്. 119 എംഎൽഎമാരാണ് സർക്കാരിനെ എതിർക്കുന്നത്. വിശ്വാസവോട്ട് നടത്തിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ ഗവർണറെ ധരിപ്പിച്ചു. കോണ്ഗ്രസ് എംഎൽഎയും സ്റ്റാലിനോപ്പം ഗവർണറെ സന്ദർശിക്കാൻ എത്തിയിരുന്നു.
ഡിഎംകെ, കോണ്ഗ്രസ്, സിപിഎം, സിപിഐ തുടങ്ങി പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധി സംഘം ഓഗസ്റ്റ് 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമ സഭയിൽ വിശ്വാസവോട്ട് വേണമെന്നും സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.അണ്ണാ ഡിഎംകെയിൽ ടി.ടി.വി. ദിനകരൻ പക്ഷത്തുള്ള 19 എംഎൽഎമാർ ഗവർണറെ കണ്ട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കു പിന്തുണ പിൻവലിച്ചതോടെ തുടങ്ങിയതാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധികൾ.
https://www.facebook.com/Malayalivartha



























