ദളിത് എഴുത്തുകാരൻ കാഞ്ച ഐലയ്യയ്ക്കു ഭീഷണി

വധഭീഷണിയുണ്ടെന്നു കാട്ടി എഴുത്തുകാരനും ചിന്തകനും ദളിത് പ്രവർത്തകനുമായ കാഞ്ച ഐലയ്യ പരാതിയുമായി പോലീസിൽ. ഞായറാഴ്ച ഉച്ചയ്ക്ക് അജ്ഞാതർ വിളിച്ചു ഭീഷണിപ്പെടുത്തിയതായി കാട്ടി ഹൈദരാബാദ് ഒസ്മാനിയ സർവകലാശാല പോലീസിലാണ് ഐലയ്യ പരാതി നൽകിയത്. നാവരിയുമെന്നായിരുന്നു ഫോണ് ചെയ്തവരുടെ ഭീഷണിയെന്ന് അദ്ദേഹം പരാതിയിൽ ആരോപിക്കുന്നു.
സമാജിക സ്മഗ്ലർലു കൊമടൊളു (വൈശ്യാസ് ആർ സോഷ്യൽ സ്മഗ്ലേഴ്സ്) എന്ന തന്റെ പുസ്തകത്തെ ചൊല്ലിയാണ് ഭീഷണി ഉയരുന്നതെന്നാണ് അദ്ദേഹം പരാതിയിൽ ആരോപിക്കുന്നത്. പുസ്തകത്തിന്റെ പേരിന്റെ പേരിലും, ഉളളടക്കത്തിലെ ചില ഭാഗങ്ങളുടെ പേരിലും ആര്യ വൈശ്യ മഹാസഭ തന്നെ ഭീഷണിപ്പെടുത്തുന്നതായും സംഘടനയുടെ തലവൻ കെ.രാമകൃഷ്ണ തന്റെ എഴുത്തുകളെ ചാനൽ ചർച്ചയിൽ അപലപിച്ചതായും അദ്ദേഹം പരാതിയിൽ പറയുന്നു.
വൈശ്യാസ് ആർ സോഷ്യൽ സ്മഗ്ലേഴ്സ് എന്ന ഐലയ്യയുടെ പുസ്തകത്തിലെ പരാമർശങ്ങൾ തങ്ങളുടെ സമുദായത്തെ അപമാനിക്കുന്നതാണെന്നും ഉടൻ പിൻവലിക്കണമെന്നും വൈശ്യ സംഘടന ആവശ്യപ്പെട്ടിരുന്നെങ്കിലും ഐലയ്യ ഇതിനു തയറായിരുന്നില്ല.
https://www.facebook.com/Malayalivartha



























