പളനിസ്വാമി സർക്കാരിനെ പുറത്താക്കും: ദിനകരൻ

പളനിസ്വാമി സർക്കാരിനെ പുറത്താക്കുമെന്ന് ടി.ടി.വി. ദിനകരൻ. സർക്കാർ ന്യൂനപക്ഷമായിട്ടും ഗവർണർ നടപടി സ്വീകരിക്കുന്നില്ലെന്നും ദിനകരൻ പറഞ്ഞു. അണ്ണാ ഡിഎംകെയിൽനിന്നു ദിനകരനെയും ശശികലയെയും പുറത്താക്കിയതിനു പിന്നാലെയാണ് ദിനകരന്‍റെ പ്രതികരണം. ജനറൽ കൗണ്‍സിൽ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നിയമവിരുദ്ധമാണ്. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ദിനകരൻ പറഞ്ഞു.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും സംയുക്തമായി വിളിച്ചു ചേർത്ത ജനറൽ കൗണ്‍സിൽ യോഗമാണ് ദിനകരനെയും ശശികലയെയും പുറത്താക്കിയത്. ഇന്നു ചേർന്ന ജനറൽ കൗണ്‍സിലിനെതിരെ ദിനകരൻ പക്ഷം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജനറൽ സെക്രട്ടറിക്ക് മാത്രമാണ് യോഗം വിളിച്ചു ചേർക്കാൻ അധികാരമെന്നും അതിനാൽ യോഗത്തിന് സ്റ്റേ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാൽ യോഗത്തിന് കോടതി അനുമതി നൽകുകയായിരുന്നു.
234 അംഗ നിയമസഭയിൽ പളനിസ്വാമി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ 118 പേർ വേണം. 134 അംഗങ്ങളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കുള്ളത്. ദിനകരൻ പക്ഷത്തുള്ള 19 എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























