സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും യു ഡി എഫ് സർക്കാരും ശ്രമിക്കുന്നത്; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും യു ഡി എഫ് സർക്കാരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ . സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. പിണറായിയെ രക്ഷിക്കാൻ ദേശീയ തലത്തിൽ കോൺഗ്രസ് - സിപിഎം ധാരണയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചു.
ബുധനാഴ്ച്ച വന്ന സുപ്രീംകോടതി ഉത്തരവ് അഴിമതിക്കേസിൽ ആരോപണം നേരിടുന്ന പിണറായി വിജയന്റെ വലിയ വിജയമാണെന്ന് ഉയർത്തിക്കാട്ടാൻ സിപിഎം ശ്രമിക്കുന്നതിന് മുമ്പ് അവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. സുപ്രീം കോടതി FIR റദ്ദാക്കിയിട്ടില്ല. സി എം ആർ എൽ അഴിമതിയുമായി ബന്ധപ്പെട്ട ഇഡി കേസ് തടഞ്ഞിട്ടുമില്ല. പിണറായിയുടെ അപ്പീൽ ഹൈക്കോടതിക്ക് പരിഗണിക്കാൻ വേണ്ടി അന്വേഷണം ഏഴ് ദിവസത്തേക്ക് മാത്രമാണ് നിർത്തിവച്ചത്. സംസ്ഥാന സർക്കാർ തന്നെ എന്തുകൊണ്ട് അപ്പീൽ നൽകിയില്ലെന്നും കോടതി ചോദിച്ചിട്ടുണ്ട്.
കോൺഗ്രസ്–ലീഗ് സർക്കാർ ഇക്കാര്യത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി കേരളത്തിൽ പ്രസംഗിച്ചപ്പോഴാണ് പിണറായി വിജയൻ ജയിലിൽ പോകണമെന്ന് പറഞ്ഞത്. എന്നാൽ ഇന്ന്, അദ്ദേഹത്തിന്റെ പാർട്ടി കോടതിയിൽ ഒരു നിലപാട് സ്വീകരിക്കാൻ പോലും തയ്യാറാകുന്നില്ല. ഇതും രാഹുൽ ഗാന്ധിയുടെ തട്ടിപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
സുപ്രീംകോടതി ഉത്തരവ് ബിജെപി ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ്: രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള നിർദേശപ്രകാരം കോൺഗ്രസ് പിണറായി വിജയനെ സംരക്ഷിക്കുകയാണ്. സിപിഎം ഇപ്പോൾ കോൺഗ്രസിന്റെ കനിവിനായി കാത്തുനിൽക്കുന്ന അവസ്ഥയിലാണ്. കോൺഗ്രസും സിപിഎം കേരളത്തിൽ രണ്ടല്ല, ഒന്നായി മാറിക്കഴിഞ്ഞു, രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
https://www.facebook.com/Malayalivartha


























