സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ 64 എസ്.എച്ച്.ഒമാർ സ്ത്രീകളാണ്; കാര്യക്ഷമമായി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു; വ്യക്തമാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ ഒൻപത് പുരുഷന്മാരെ തിരഞ്ഞെടുക്കുമ്പോൾ ഒരു സ്ത്രീ എന്ന നിലവിലുള്ള 9:1 അനുപാതം മാറ്റി, 7:3 അനുപാതത്തിലൂടെ 30 ശതമാനം സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൃപ്പൂണിത്തുറ കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ 64 എസ്.എച്ച്.ഒമാർ സ്ത്രീകളാണ്. കാര്യക്ഷമമായി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നുണ്ടെന്നും, ലിംഗസമത്വമുള്ള ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങൾ തെളിയിക്കൽ തുടങ്ങിയവയിൽ സാങ്കേതിക വൈദഗ്ധ്യത്തോടെ കൃത്യനിർവഹണം നടത്തുന്നതിൽ കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയാണ്. 'മൈ പോലീസ് സ്റ്റേഷൻ' എന്ന ലക്ഷ്യത്തിലേക്കാണ് കേരള പോലീസ് സഞ്ചരിക്കുന്നത്. സ്റ്റേഷനുകളിൽ കിടന്നിരുന്ന പഴയ വാഹനങ്ങളെല്ലാം മാറ്റി പുതിയ മുഖച്ഛായയിൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിച്ചും, നിയമം അനുശാസിക്കുന്ന എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് സാധ്യമാക്കിയും മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha


























