ദുരൂഹതയും സസ്പെൻസും നിറച്ച് ദിലീപ് ചിത്രം; 'ഹെനോക്ക്' പൂജ ചിത്രങ്ങൾ വൈറൽ!

ദിലീപ് ഫൊറൻസിക് സർജനായി എത്തുന്ന പുതിയ ചിത്രം 'ഹെനോക്ക്' (Henok) ആലപ്പുഴയിൽ ആരംഭിച്ചു. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സാണ്. വേഫറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
ഒക്ടോബർ 19 തിങ്കളാഴ്ച ആലപ്പുഴ കല്ലുപാലത്ത് തിരുവിതാംകൂർ സഹോദരിമാരായ ലളിത-പത്മിനി-രാഗിണിമാരുടെ പുരാതനമായ തറവാട്ടിലായിരുന്നു ചിത്രീകരണത്തിന് തുടക്കമായത്. ദിലീപും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ച ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ജോബി ജോർജ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
'The man in the mist' എന്ന അടിക്കുറപ്പോടെയാണ് ചിത്രം എത്തുന്നത്. ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവൻ എന്നാണ് ഹെനോക് എന്ന ബൈബിൾ വാക്കിന്റെ അർത്ഥം. ചിത്രത്തിലെ ഫൊറൻസിക് സർജൻ ദൈവത്തിനൊപ്പം സഞ്ചരിക്കുമ്പോൾ എന്തുതരം നീതിയാണ് ലഭിക്കുന്നത് എന്ന കൗതുകമാണ് ചിത്രം പങ്കുവെക്കുന്നത്. നിഗൂഢത നിറഞ്ഞ പശ്ചാത്തലവും ഉദ്വേഗം നിറഞ്ഞ അന്വേഷണവുമാണ് സിനിമയുടെ പ്രധാന ആകർഷണം.
ആലപ്പുഴ, കുട്ടനാട്, പൂനെ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്. റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുജീബ് മജീദ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ജോണി ആന്റണി, ഗ്രേസ് ആന്റണി, അർജുൻ രാധാകൃഷ്ണൻ, മനോജ് കെ.യു., സുധി കോപ്പ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























