കടലിലിറങ്ങിയ വിദ്യാർഥി സംഘത്തിൽ ഒരാളെ കാണാതായി

ഓണാഘോഷത്തിന് പയ്യാന്പലത്ത് എത്തിയ വിദ്യാർഥികൾ കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ടു. ഒരാളെ കാണാതായി. രണ്ടുപേരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. തോട്ടട അജയ് നിവാസിലെ മനോജിന്റെ മകൻ അഖിലിനെ(11)യാണ് കാണാതായത്. അഖിലിനൊപ്പം ജ്യേഷ്ഠൻ നിഖിൽ, കൂട്ടുകാരായ വസന്ത്, സച്ചിൻ, നിതീഷ്, സുമേഷ് എന്നിവരാണ് പയ്യാന്പലത്ത് കടലിൽ കുളിക്കാനെത്തിയത്.
തിരുവോണ നാളിൽ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. കടലിൽ ഇറങ്ങിയ വിദ്യാർഥികൾ കുളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. തോട്ടട വെസ്റ്റ് യുപി സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയാണ് അഖിൽ. കടലിൽനിന്നു രക്ഷപ്പെടുത്തിയ സച്ചിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരക്ക് കാരണം കടലിൽ ഇറങ്ങിയ ഭൂരിഭാഗം പേരെയും ലൈഫ് ഗാർഡ് നിയന്ത്രിച്ചിരുന്നു. മറ്റു കുട്ടികൾ ബഹളം വച്ചപ്പോഴാണ് അഖിലും മറ്റും രണ്ടുപേരും തിരയിൽപ്പെട്ടത് അറിയുന്നത്.
തിരുവോണ ദിവസം രാവിലെ പത്തിനാണ് അഖിലും സുഹൃത്തുക്കളും തോട്ടടയിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടത്. അഖിലിനു വേണ്ടി മുങ്ങൽ വിദഗ്ധരും കോസ്റ്റൽ പോലീസും ആരംഭിച്ച തെരച്ചിൽ ഇന്നും തുടരുകയാണ്.
https://www.facebook.com/Malayalivartha






















