ദിലീപിനെ കാണാന്‍ വന്‍ ജനാവലി; സാക്ഷിയായി അമ്മയിലെ അംഗങ്ങളും; അച്ഛന്റെ ശ്രാദ്ധകര്‍മത്തില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തി; ഇളവ് രണ്ട് മണിക്കൂര്‍ മാത്രം

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് 57 ദിവസത്തിന് ശേഷം ജയിലിന് പുറത്തിറങ്ങി. 8.10ഓടെ വീട്ടിലെത്തി.അച്ഛന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂറാണ് ദിലീപിന് മജിസ്‌ട്രേട്ട് കോടതി അനുവദിച്ചിരിക്കുന്നത്. രാവിലെ കൃത്യം എട്ട് മണിക്കാണ് ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് ദിലീപിനെ ആലുവ സബ് ജയില്‍ അധികൃതര്‍ കൈമാറി. രക്ഷക്ക് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാര്‍ മഫ്തിയിലും നില്‍ക്കുന്നുണ്ട്.
കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലെ ആലുവ പുഴയോട് ചേര്‍ന്ന ഭാഗത്താണ് ശ്രാദ്ധ ചടങ്ങുകള്‍ നടക്കുന്നത്.
ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ജയിലില്‍ നിന്ന് ദിലീപിന്റെ വീട്ടിലേക്കുള്ള ദൂരം. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വീട്ടിലെത്തിയിട്ടുണ്ട്. ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി അങ്കമാലി മജിസ്‌ട്രേറ്റി കോടതി രണ്ടു മണിക്കൂറത്തേക്കാണ് ദിലീപിന് ഇളവ് അനുവദിച്ചത്.
ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും കാത്ത് വന്‍ ജനാവലിയും മാധ്യമപടയുമാണ് പുറത്തുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീടിന്റെ കാര്‍ പോര്‍ച്ചിലാണ് കര്‍മങ്ങള്‍ നടക്കുന്നത്. ആലുവ ശിവക്ഷേത്രത്തില്‍ കര്‍മങ്ങള്‍ ചെയ്യണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ആലുവ പാലസിന് സമീപത്തെ വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാത്രമെ അനുമതി ലഭിച്ചുള്ളൂ. ചടങ്ങുകള്‍ രണ്ടുമണിക്കൂറിനകം പൂര്‍ത്തീകരിച്ച് രാവിലെ 10ന് ആലുവ സബ് ജയിലില്‍ തിരിച്ചെത്തിക്കും. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ലീന റിയാസാണ് ദിലീപിന് ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 11വരെ സമയം നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടതെങ്കിലും രാവിലെ രണ്ടുമണിക്കൂര്‍ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. രഹസ്യസംഭാഷണങ്ങളും മാധ്യമപ്രവര്‍ത്തകരെ കാണുന്നതും കോടതി വിലക്കിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് പുഴയില്‍ മുങ്ങുന്നതും വിലക്കിയിട്ടുണ്ട്. ഫാന്‍സ് അസോസിയേഷനുകളുടെ പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ അനുവദിക്കരുതെന്ന നിര്‍ദേശവും പൊലീസിന് ലഭിച്ചിട്ടുള്ളതായാണ് അറിയുന്നത്.
പ്രതികള്‍ നശിപ്പിച്ചു കളഞ്ഞതായി കള്ളമൊഴി നല്‍കിയ തെളിവുകള്‍ കണ്ടെത്താനുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ ദിലീപിനെ ജയിലിനു പുറത്തേക്കു വിടരുതെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് അങ്കമാലി മജിസ്‌ട്രേട്ട് കോടതി അനുവാദം നല്‍കിയത്.
2008 ല്‍ അച്ഛന്‍ പത്മനാഭപിള്ള മരിച്ചതിനു ശേഷം എല്ലാ വര്‍ഷവും ഇതേ ദിവസം എവിടെയാണെങ്കിലും മൂത്തമകനായ താന്‍ ബലിതര്‍പ്പണം നടത്താറുണ്ടെന്നാണു ദിലീപിന്റെ അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ ദിലീപ് അപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ദിലീപ് തൃശൂരിലെ നെടുപുഴ എന്ന സ്ഥലത്തായിരുന്നു. അന്നു ബലി തര്‍പ്പണം നടത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ദിവസം ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി, ഭാര്യാപിതാവ് മാധവന്‍ എന്നിവര്‍ ഇന്നലെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
കേസിലെ 'മാഡം' കാവ്യാ മാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു കാവ്യ പ്രതികരിച്ചില്ല. ദിലീപിന്റെ സഹോദരന്‍ അനൂപ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവരും ഇന്നലെ രാവിലെ ദിലീപിനെ സന്ദര്‍ശിച്ചു. ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























