ഇനി സിനിമാടിക്കറ്റും റേഷന്‍കടകളില്‍

നാട്ടിന്‍പുറങ്ങളിലേതടക്കം എല്ലാ റേഷന്‍ കടകളും ഏറെ താമസിയാതെ ഹൈടെക്ക് ആകുന്നതോടെ സിനിമാ ടിക്കറ്റ് റിസര്‍വേഷന്‍ അടക്കമുള്ള എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാകും.
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ഇ പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ എന്‍ഹാന്‍സ്ഡ് ) മെഷീനുകള്‍ വഴിയാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുക.
എ.ടി.എമ്മുകളുടെ മാതൃകയില്‍ ഇപോസ് മെഷീനില്‍ പണം പിന്‍വലിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നേരത്തേ കേന്ദ്ര പൊതുവിതരണ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഓരോ സേവനത്തിനും നിശ്ചിത ഫീസ് കടയുടമകള്‍ക്ക് ഈടാക്കാം. ഇ പോസ് മെഷീന്‍ വരുന്നതോടെ വരുമാനം കുറഞ്ഞ് വ്യാപാരികളില്‍ പലരും റേഷന്‍കടകള്‍ ഉപേക്ഷിക്കുമെന്ന ആശങ്ക പൊതുവിതരണ വകുപ്പിനുണ്ട്. വ്യാപാരികള്‍ക്ക് വരുമാനത്തിന് പുതിയൊരു വഴി എന്ന നിലയിലാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന്റെ ചുമതല. ഇ പോസ് മെഷീനുകള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ 252 റേഷന്‍ കടകളില്‍ ഒക്ടോബറില്‍ പരീക്ഷണാര്‍ത്ഥം സ്ഥാപിക്കും. ന്യൂനതകള്‍ പരിഹരിച്ച് രണ്ടാം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ കടകളിലേക്കും വ്യാപിപ്പിക്കും.
റേഷന്‍ കാര്‍ഡില്‍ പതിക്കുന്നതിന് പകരം ഇ പോസ് മെഷീനില്‍ ഗുണഭോക്താക്കളുടെ വിരലടയാളം പതിച്ചാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. ഇതുവഴി രജിസ്റ്ററില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി ഭക്ഷ്യധാന്യം മറിച്ചുവില്‍ക്കുന്നത് നിലയ്ക്കും. ഓരോ റേഷന്‍ കടയിലെയും നിലവിലുള്ള സ്‌റ്റോക്കും റേഷന്‍ വാങ്ങിയവരുടെ കൃത്യമായ വിവരവും പൊതുവിതരണ വകുപ്പിന് നേരിട്ട് ലഭിക്കും.

മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇവ സ്ഥാപിക്കുന്നതിന് മുന്നോടിയായി റേഷന്‍കടകള്‍ സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം രേഖപ്പെടുത്തുന്ന ജി.പി.എസ് മാപ്പിംഗ് തുടങ്ങി.
https://www.facebook.com/Malayalivartha


























