മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് തോമസ് ചാണ്ടി; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രണ്ട് വര്‍ഷത്തിനു ശേഷം രാജിയെ കുറിച്ച് ചിന്തിക്കാമെന്ന പരിഹായപൂര്‍വമായ മറുപടി

കായല്‍ കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന സൂചന നല്‍കി തോമസ് ചാണ്ടി. ഉടന്‍ രാജിവയ്ക്കുമോ എന്നു ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക്, 'രണ്ടു വര്‍ഷത്തിനുശേഷം രാജിയുണ്ടാകും' എന്ന പരിഹാസപൂര്‍വമായ മറുപടിയാണ് മന്ത്രി നല്‍കിയത്. മന്ത്രിയുമായി ബന്ധപ്പെട്ട വിവാദം ഞായറാഴ്ച ഇടതുമുന്നണി ചര്‍ച്ച ചെയ്യാനിരിക്കെ, യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
അതേസമയം, കായല്‍ കയ്യേറ്റ ആരോപണത്തില്‍ സമ്മര്‍ദം ശക്തമാകുമ്പോഴും തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനം നീളുകയാണ്. നിയമോപദേശം പൂര്‍ണമായും എതിരായതോടെ സിപിഎമ്മും സിപിഐയും നിലപാട് ശക്തമാക്കിയെങ്കിലും മന്ത്രിയും എന്‍സിപി നേതൃത്വവും രാജിയില്ലെന്ന നിലപാടില്‍ തന്നെയാണ്.
മന്ത്രിക്കു കൂടുതല്‍ കുരുക്കായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പുറത്തുവന്നതാണ് സ്ഥിതിഗതികള്‍ മാറ്റിമറിച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമപരമായ സാധുതയുണ്ടെന്നും കയ്യേറ്റവും നികത്തലും നടന്നിട്ടുണ്ടെന്ന കണ്ടെത്തലുകള്‍ തള്ളിക്കളയില്ലെന്നുമാണ് എജിയുടെ നിലപാട്. തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും നിയമോപദേശം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























