നാട്ടുകാര്‍ കണ്ടു നില്‍ക്കെ ജ്യേഷ്ഠന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

ജ്യേഷ്ഠനും അനുജനും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ജ്യേഷ്ഠന്റെ മുഖത്ത് സഹോദരന്‍ ആസിഡ് ഒഴിച്ചു. പെരുനാട് പൂവത്തുംമൂട് വടക്കേ ചരുവില്‍ വിജയകുമാറിന്റെ (62) മുഖത്താണ് സഹോദരന്‍ രാജന്‍ ആസിഡ് ഒഴിച്ചത്. പട്ടാപ്പകല്‍ നാട്ടുകാരുടെ കണ്‍മുന്നില്‍ വെച്ചാണ് ആക്രമണം നടന്നത്. സഹോദരനുമായുള്ള സ്ഥല സംബന്ധമായ തര്‍ക്കമാണ് ആസിഡ് ആക്രമണത്തില്‍ എത്തിയത്.
വിജയകുമാറും രാജനും മറ്റു സഹോദരങ്ങളും കുടുംബസ്വത്ത് വീതം വെക്കാന്‍ തീരുമാനിച്ചെങ്കിലും രാജന്‍ പിന്നീട് ഭാഗം വെക്കുന്നതില്‍ കക്ഷിയാകാതെ മാറിനിന്നു. വിജയകുമാര്‍ തന്റെ വീതത്തിലെ ആഞ്ഞിലി മുറിക്കാനായി തൊഴിലാളികളുമായി എത്തിയപ്പോള്‍ രാജന്‍ ആസിഡും ടാപ്പിങ് കത്തിയുമായി തൊഴിലാളികളെ ആക്രമിക്കാനൊരുങ്ങി. ഇത് വിജയകുമാര്‍ ചോദ്യം ചെയ്തപ്പോഴാണ് കൈയില്‍ കരുതിയിരുന്ന ആസിഡ് വിജയകുമാറിന്റെ നേര്‍ക്ക് ഒഴിച്ചത്. അടുത്തുനിന്നവര്‍ തടഞ്ഞെങ്കിലും വീണ്ടും വിജയകുമാറിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
നിലത്തുവീണ വിജയകുമാറിനെ ടാപ്പിങ് കത്തികൊണ്ട് കുത്തി. ഉടന്‍ നാട്ടുകാരും മറ്റ് ബന്ധുക്കളും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വിജയകുമാറിന്റെ വലത്തേക്കണ്ണിന്റെ കാഴ്ച ഏതാണ്ട് നഷ്ടമായി. സംഭവത്തില്‍ പെരുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























