ആകാശത്തേക്ക് വെടിയുതിർത്ത വിഎച്ച്പി, ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരേ കേസ്

ദസറ ആഘോഷത്തോടനുബന്ധിച്ച് ആകാശത്തേക്ക് വെടിയുതിർത്ത 60 പേർക്കെതിരേ കേസ്. വിഎച്ച്പി, ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തത്.
ശനിയാഴ്ച ആഗ്രയിലെ രാംലീല മൈതാനിക്ക് സമീപം ഹനുമാൻ ക്ഷേത്രത്തിനു സമീപമാണ് ഇവർ ആകാശത്തേക്ക് വെടിയുതിർത്ത് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു. ആയുധ പൂജയുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ വെടിയുതിർത്തത്. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും സംഘം ഉയർത്തി.
കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള 60 പേരിൽ 29 പേരെ മാത്രമാണ് തിരിച്ചറിയാനായത്. മറ്റുള്ളവരെ വീഡിയോ ദൃശ്യം വഴി തിരിച്ചറിയാൻ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു. അതേസമയം, ആയുധപൂജയുടെ ഭാഗമായി നടത്തിയ വെടിവയ്പിൽ തെറ്റില്ലെന്നാണ് വിഎച്ച്പിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha


























