ദളിതര്‍ നൃത്തം കാണേണ്ട... ഗര്‍ബ നൃത്തം കാണാനെത്തിയ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗര്‍ബ നൃത്തം കാണാനെത്തിയ ദലിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് എട്ടു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ഭദ്രാനിയ ഗ്രാമത്തില്‍ പുലര്‍ച്ചെ നാലോടെയായിരുന്നു കൊലപാതകമുണ്ടായത്. ജയേഷ് സോളങ്കി എന്ന 21ക്കാരനാണ് കൊല്ലപ്പെട്ടത്.
ബന്ധുവായ പ്രകാശ് സോളങ്കിക്കും മറ്റു രണ്ടു പേര്‍ക്കുമൊപ്പം ഭദ്രാനിയ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഗര്‍ബ നൃത്തം കാണാനെത്തിയതായിരുന്നു ജയേഷ്. ക്ഷേത്രത്തോടു ചേര്‍ന്നുള്ള വീട്ടില്‍ ഇരിക്കുന്നതിനിടെ അതുവഴി പോയ പട്ടേല്‍ ജാതിക്കാരനായ യുവാവ് ജയേഷിനെ താഴ്ന്ന ജാതിക്കാരനെന്നു വിളിച്ച് അധിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ദലിതുകള്‍ക്ക് ഗര്‍ബ നൃത്തം കാണാന്‍ അവകാശമില്ലെന്നു പറഞ്ഞ് ഇവരെ തടയാന്‍ മറ്റു ചിലരെയും വിളിച്ചു വരുത്തി. ഇതിനിടെയുണ്ടായ വഴക്കില്‍ യുവാക്കള്‍ ജയേഷിന്റെ തല ഭിത്തിയിലേക്ക് ഇടിക്കുകയായിരുന്നു. ഒപ്പമുള്ള മറ്റുള്ളവരെയും തല്ലിച്ചതച്ചു. തലയ്ക്കു പരുക്കേറ്റു ബോധരഹിതനായ ജയേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























