ഔദ്യോഗിക സന്ദര്‍ശനത്തിനായി അരുണ്‍ ജയ്റ്റ്‌ലി ഇന്ന് അമേരിക്കയിലേക്ക്

ഒരാഴ്ചത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിങ്കളാഴ്ച അമേരിക്കയിലേക്ക് പുറപ്പെടും. അന്താരാഷ്ട്ര നാണയനിധി യോഗത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ എത്തുന്ന ജെയ്റ്റ്‌ലി ബാങ്ക് ഓഫ് അമേരിക്കയും സി.ഐ.ഐയും സംഘടിപ്പിക്കുന്ന നിക്ഷേപകയോഗത്തില്‍ പങ്കെടുക്കും. ചൊവ്വാഴ്ച കൊളംബിയ സര്‍വകലാശാലയില്‍ 'നേരിട്ടുള്ള വിദേശനിക്ഷേപം: നേട്ടങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ബോസ്റ്റണിലേക്ക് തിരിക്കും. അവിടെ 'ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: മുന്നിലേക്കുള്ള പാത' എന്ന വിഷയത്തില്‍ നടക്കുന്ന നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം പിന്നീട് ഹാര്‍വാഡ് സര്‍വകലാശാലയില്‍ ഇന്ത്യയിലെ നികുതിപരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പ്രഭാഷണം നടത്തും.
ഇതിനുശേഷമാണ് വാഷിങ്ടണില്‍ എത്തുക. ഒക്‌ടോബര്‍ 12ന് ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ പങ്കെടുക്കും. അമേരിക്കയിലെയും മറ്റു രാജ്യങ്ങളിലെയും നിക്ഷേപകരുമായി ജെയ്റ്റ്‌ലി ചര്‍ച്ച നടത്തും. അമേരിക്കന്‍ വാണിജ്യസെക്രട്ടറി, ഇറ്റലിയുടെയും ഇറാന്റെയും ധനമന്ത്രിമാര്‍ തുടങ്ങിയവരുമായി ഉഭയകക്ഷി ചര്‍ച്ചയുമുണ്ടാകും.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, സാമ്പത്തികാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്, മുഖ്യ സാമ്പത്തികഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.
https://www.facebook.com/Malayalivartha


























