കുറഞ്ഞ സ്കോർ ഇന്ത്യൻ ബൗളർമാർക്ക് സമ്മർദ്ദമുണ്ടാക്കി; ഭുവനേശ്വർ കുമാർ

കുറഞ്ഞ സ്കോർ ഇന്ത്യൻ ബൗളർമാർക്ക് സമ്മർദ്ദമുണ്ടാക്കിയെന്ന് ഇന്ത്യൻ ടീമംഗം ഭുവനേശ്വർ കുമാർ. ഓസീസ് ബൗളർമാരുടെ മികച്ച പ്രകടനം മൂലമാണ് അവർക്ക് രണ്ടാം ട്വന്‍റി-20യിൽ മികച്ച വിജയം ലഭിക്കാൻ കഴിഞ്ഞതെന്നും ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ വേഗത്തിൽ പുറത്തായപ്പോൾ മുതൽ തിരിച്ചടി മനസിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനാവാഞ്ഞത് തിരിച്ചടിയായെന്നും അടുത്ത മത്സരത്തിൽ ടീമിന് മികച്ച തിരിച്ചുവരവ് നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 119 റൺസിന്‍റെ വിജയലക്ഷ്യം 15.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവർ മറികടന്നു. അർധ സെഞ്ചുറി കുറിച്ച മോയിസ് ഹെൻട്രിക്കും (62) ട്രാവിസ് ഹെഡുമാണ് (48) ഓസീസ് വിജയ ശിൽപ്പികൾ. 13 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയെ ഇന്ത്യ തുടക്കത്തിൽ സമ്മർദത്തിലാക്കിയെങ്കിലും ഹെൻട്രിക്കും ട്രാവിസും മത്സരം തട്ടിയെടുക്കുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 118 റൺസെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യൻ നിരയിൽ കേദാർ ജാദവ് (27), എം.എസ് ധോണി (13), ഹാർദിക് പാണ്ഡ്യ (25), കുൽദീപ് യാദവ് (16) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണർമാരുൾപ്പെടെ മുൻനിര തകർന്നടിഞ്ഞപ്പോൾ ഇന്ത്യ 24 ന് നാല് എന്ന നിലയിൽ തകർന്നതാണ്. കേദാറും പാണ്ഡ്യയും പിടിച്ചു നിൽക്കാൻ നടത്തിയ ശ്രമമാണ് ഇന്ത്യൻ സ്കോർ 100 കടക്കാൻ സഹായകമായത്.
https://www.facebook.com/Malayalivartha


























