സോളാര്‍ വിഷയത്തില്‍ സംസ്ഥാന നേതാക്കന്മാരോട് രാഹുലിന് കടക്ക് പുറത്ത് നയം ; സംസ്ഥാന നേതൃത്വത്തെ പിന്തുണയ്ക്കാതെ ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസിനെ പിടിച്ചുലച്ച സോളാര്‍ റിപ്പോര്‍ട്ടില്‍ ഹൈക്കമാന്‍ഡിന് കടുത്ത ഉത്കണ്ഠ. സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം കേസില്‍ ഉള്‍പ്പെട്ടതാണ് ഹൈക്കമാന്‍ഡിനെ കുഴയ്ക്കുന്നത്. വിഷയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമൊന്നും എടുത്തില്ല.
റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡ് പിന്തുണയൊന്നും വാഗ്ദാനം ചെയ്തില്ല. നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി വ്യക്തമായ മറുപടിയൊന്നും നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ പിന്നീട് നിലപാട് സ്വീകരിക്കാമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. നേതാക്കളെ ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും രാഹുല്‍ ചര്‍ച്ച നടത്തി.
കേസില്‍ കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്ന നിലപാടാണ് രാഹുല്‍ കൈക്കൊണ്ടത്. മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് രാഹുല്‍ സംസ്ഥാന നേതാക്കളെ അറിയിച്ചു. അഴിമതി ആരോപണം മാത്രമല്ല, ലൈംഗിക പീഡനവും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും നേരിടുന്നുണ്ട്. ഇതാണ് ഹൈക്കമാന്‍ഡിന് വെല്ലുവിളി ആയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, വൈസ് പ്രസിഡന്റ് വിഡി സതീശന്‍, മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവരാണ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്.
ദേശീയ തലത്തില്‍ ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി ശക്തമായ ആക്രമണവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് സോളാര്‍ റിപ്പോര്‍ട്ടിലൂടെ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് വെട്ടിലായത്. ഇത് വല്ലാത്ത പ്രതിസന്ധിയാണ് പാര്‍ട്ടിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഏറ്റവും ശക്തമായ സംസ്ഥാനമാണ് കേരളം. അതിനാല്‍ത്തന്നെ വസ്തുതകള്‍ മനസിലാക്കാതെ സംഭവത്തില്‍ ഒരു നടപടി എടുക്കുന്നത് പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുകയുള്ളൂ.
റിപ്പോര്‍ട്ട് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളില്‍ പ്രതിരോധത്തില്‍ നില്‍ക്കവെയാണ് ബിജെപിക്ക് ഈ പടിവള്ളി കിട്ടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























