ജി.എസ്.ടി നടപ്പില്‍ വന്നതോടെ നൂറോളം മരുന്നുകളുടെ വിലയില്‍ വര്‍ദ്ധനവ്

ജി.എസ്.ടി നടപ്പില്‍ വരുന്നതോടെ മരുന്നുകളുടെ വില കുറയുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ വാക്കുകളില്‍ ഒതുങ്ങി. വില നിയന്ത്രണ പട്ടികയിലുള്ളവ ഉള്‍പ്പടെ നൂറോളം മരുന്നുകളുടെ വില ഉയര്‍ന്നു. ചുരുക്കം ചില മരുന്നുകളുടെ വില മാത്രമാണ് കുറഞ്ഞിരിക്കുന്നത്.
കൊളസ്‌ട്രോളിനുള്ള റോസുവോസ്റ്റാറ്റിന്‍ 40 മില്ലീഗ്രാമിന്റെ ഒരു ഗുളികയ്ക്ക് ജി.എസ്.ടി.യ്ക്കുമുന്‍പുള്ള വില 39.90 ആയിരുന്നു. ജി.എസ്.ടി. വന്നതിന് ശേഷം വില 43.56 ആയി. പ്രമേഹത്തിനുള്ള ഗ്ലൈബെന്‍ ക്ലമയിഡ് അഞ്ച് മില്ലിഗ്രാം ഗുളികയ്ക്ക് 1.08 രൂപയായിയിരുന്നത് 1.22 രൂപയായി. ചെറിയ വിലക്കയറ്റമെന്ന് തോന്നുമെങ്കിലും ഒരു മാസം 60 മുതല്‍ 90 ഗുളിക വരെയാണ് രോഗികള്‍ക്ക് വേണ്ടത്. പ്രമേഹവും കൊഴുപ്പും കുറയുന്നതിനായി നിത്യേന കഴിക്കുന്ന മെറ്റ്‌ഫോര്‍മിന്‍ ഗുളികയ്ക്ക് 1.46 രൂപയില്‍നിന്ന് 1.52 രൂപയായി. ഇതും മാസത്തില്‍ 60 മുതല്‍ 90 വരെ കഴിക്കേണ്ടി വരുന്ന മരുന്നാണ്.
കഫക്കെട്ടിനും പനിക്കും നെഞ്ചുവേദനയ്ക്കും പ്രധാനമായി ഉപയോഗിക്കുന്ന അസിത്രോമൈസിന്‍ 500 മി.ഗ്രാം ഗുളികയ്ക്ക് 18.72 ല്‍നിന്ന് 20.21 ആയി വില ഉയര്‍ന്നു. ഈ നാല് മരുന്നുകളും കേന്ദ്രസര്‍ക്കാരിന്റെ വിലനിയന്ത്രണ പട്ടികയിലുള്ളതാണ്. ഇന്‍സുലിന്‍ പോലുള്ള മരുന്നുകള്‍ക്ക് കാര്യമായി വില കുറഞ്ഞില്ലെങ്കിലും അത്യാവശ്യം ചിലതിന് 10 മുതല്‍ 15 ശതമാനം വരെ വിലക്കിഴിവ് ഉണ്ട്.
https://www.facebook.com/Malayalivartha


























