രാഹുല്‍ ഗാന്ധി ഈ മാസം 16 ന് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും

എ.ഐ.സി.സി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായ രാഹുല്‍ ഗാന്ധി ഡിസംബര്‍ 16ന് ചുമതലയേല്‍ക്കും. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ ഔദ്യോഗികമായി അധികാരം ഏറ്റുവാങ്ങും.
19 വര്‍ഷം പാര്‍ട്ടിയെ നയിച്ച സോണിയാ ഗാന്ധിയില്‍ നിന്ന് രാവിലെ 11ന് പരമ്പരാഗത രീതിയിലാണ് മകനും പാര്‍ട്ടി ഉപാദ്ധ്യക്ഷനുമായ രാഹുലിലേക്ക് അധികാരം കൈമാറുക. രാഹുല്‍ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് തിരഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തെ അറിയിച്ചശേഷം അതിന്റെ സര്‍ട്ടിഫിക്കറ്റ് രാഹുല്‍ ഗാന്ധിക്ക് കൈമാറും.
തുടര്‍ന്ന് സോണിയാ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗവും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണ പ്രസംഗവും ഉണ്ടാവും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ ഡിസംബര്‍ 11നുതന്നെ രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജനുവരിയില്‍ പ്രത്യേക എ.ഐ.എ.സി.സി പ്‌ളീനറി സമ്മേളനത്തില്‍ സ്ഥാനാരോഹണം നടത്താന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്ന 18ന് മുന്‍പുതന്നെ ചടങ്ങ് നടത്താന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























