എന്നെ ഏറെ സഹായിച്ച വ്യക്തിയാണ് മോദിജി; അപ്പോള്‍ എങ്ങനെ അദ്ദേഹത്തെ വെറുക്കാന്‍ കഴിയും?; രാഹുൽ ഗാന്ധി

മോദിജിയെ വെറുക്കാൻ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നെയോ പിതാവിനേയോ ഞാന്‍ സ്‌നേഹിക്കുന്നവരെയോ കുറിച്ച് അവര്‍ മോശമായി പറയുമ്പോള്‍ എന്റെ മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ അവരെ എനിക്ക് വെറുക്കാം, അല്ലെങ്കില്‍ കൂടുതല്‍ സ്‌നേഹിക്കാം.
അവരെന്നെ എത്രത്തോളം വേദനിപ്പിക്കുന്നോ അത്രത്തോളം ഞാന്‍ കരുത്താര്‍ജ്ജിക്കുകയാണ് ചെയ്യുന്നത്. അതില്‍ എന്നെയേറെ സഹായിച്ച വ്യക്തിയാണ് മോദിജി. അപ്പോള്‍ എങ്ങനെയാണ് അദ്ദേഹത്തെ വെറുക്കാന്‍ സാധിക്കുക? രാഹുല്‍ ചോദിക്കുന്നു. ഗുജറാത്തിലെ വാര്‍ത്താ ചാനലിലെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പിനെ ബിജെപി ഭയക്കുന്നുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങളെ തുറന്നുകാട്ടാന്‍ പ്രചരണത്തിലുടനീളം ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
ഗുജറാത്ത് പറഞ്ഞത് മാത്രമാണ് ഞാന്‍ സംസാരിച്ചത്. ജനങ്ങള്‍ എന്നോട് പറഞ്ഞ പ്രശ്‌നങ്ങളാണത്. ബിജെപി ഭയക്കുന്നത് എന്റെ വാക്കുകളെയല്ല മറിച്ച് ജനങ്ങള്‍ പറയുന്നതിനെക്കുറിച്ചാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് രാഹുല്‍ ദില്ലിയില്‍ തിരിച്ചെത്തിയത്. 22 വര്‍ഷത്തെ ബിജെപിയുടെ ഭരണം അവസാനിപ്പിക്കാൻ സാധിക്കുമെന്നുള്ള പൂർണ ആത്മവിശ്വാസത്തിലാണ് രാഹുൽ.
https://www.facebook.com/Malayalivartha


























