കന്നഡ ഭാഷ സംസാരിക്കാത്തതിനു സഹോദരന്മാരായ യുവാക്കൾക്ക് ബംഗളുരുവിൽ മർദ്ദനം

കന്നഡ ഭാഷ സംസാരിക്കാത്തതിനു സഹോദരന്മാരായ യുവാക്കളെ ബംഗളുരുവിൽവച്ച് മർദിച്ചു. ഡിസംബർ പതിനൊന്നിനായിരുന്നു സംഭവം നടന്നത്. കാശ്മീർ സഹോദരങ്ങൾക്കാണ് മർദനമേറ്റത്. ഇവരുടെ കാറിന് അടുത്തുനിൽക്കെ ഒരാൾ കന്നഡയിൽ എന്തോ ആവശ്യപ്പെട്ടു. കന്നഡ ഭാഷ അറിയാത്തതിനാൽ ഇതിന് മറുപടി നൽകാൻ ഈ സഹോദരർക്കായില്ല.
ഇതിനെതുടർന്ന് കന്നഡക്കാരൻ യുവാക്കളെ അടിക്കുകയായിരുന്നു. കന്നഡയിൽ സംസാരിക്കൂ എന്നു പറഞ്ഞായിരുന്നു മർദനം. ഇയാൾക്ക് പിന്തുണയുമായി മറ്റൊരു സംഘവും എത്തുകയായിരുന്നു. ഈ സമയത്ത് അക്രമി മദ്യപിച്ചിരുന്നു.
ഉടൻതന്നെ യുവാക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലീസ് അക്രമികളിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. നാലു വർഷമായി താൻ ബംഗളുരുവിൽ താമസക്കാരനാണെന്നും കൃത്യസമയത്ത് പോലീസ് നടപടിയെടുത്തതാണ് തങ്ങൾക്കു രക്ഷയായതെന്നും യുവാക്കൾ മാധ്യമങ്ങളോടു പറഞ്ഞു. കന്നഡ ഭാഷയ്ക്കായി വാദിക്കുന്നവരുടെ തീവ്ര പ്രവർത്തനങ്ങൾ അടുത്തിടെയായി സംസ്ഥാനത്തു വർധിച്ചുവരുന്നുണ്ട്. നേരത്തെ, കന്നഡ സംസാരിക്കുന്നവർക്കു ജോലിയിൽ മുൻഗണന നൽകണമെന്ന ആവശ്യവുമായി ഇക്കൂട്ടർ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























