വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും

ചെല്ല അയ്യാവു സംവിധാനത്തില്‍ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സ്‌പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് ഇ4 എന്റര്‍ടെയിന്‍മെന്റ് ആണ്. വമ്പന്‍ ഹിറ്റായ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍ ഉള്‍പ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്‌നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇതിനോടകം പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഹൈലൈറ്റ്. മലയാളിയായ പെണ്‍കുട്ടിയായാണ് ഐശ്വര്യ ചിത്രത്തില്‍ വേഷമിട്ടത്.
ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് രണ്ടാം ഭാഗത്തിന്റെയും താരനിരയിലുള്ള ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നിന്നുള്ള മറ്റ് അഭിനേതാക്കള്‍. രമ്യ കൃഷ്ണന്‍, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തില്‍ പുതുതായി എത്തിയ താരങ്ങള്‍. യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























