അരികൊമ്പനും കാടിന്റെ മക്കളും ഇനി ബിഗ് സ്ക്രീനിലേക്ക്, 'അരികൊമ്പന്' ടീസര്‍ എത്തി

മിഥുന് മഹേശ്വരന് സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം 'അരികൊമ്പന്' ടീസര്‍ പുറത്തിറങ്ങി. തികച്ചും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
ഒരു കാട്ടാനയുടെ സാന്നിദ്ധ്യവും അതിനോടൊപ്പം കാടറിഞ്ഞു ജീവിക്കുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങളും പറയുന്ന 'അരികൊമ്പന്' ഡിസംബര്‍ 11ന് കേരളത്തിലും തമിഴ്നാട്ടിലും ലോകമെമ്പാടുമുള്ള തീയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തും.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ 'ട്രാഫിക്കിന്റെ' തമിഴ് റീമേക്കില്‍ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന് മഹേശ്വരന്, 'എങ്കെയും എപ്പോതും', 'ചെന്നൈയില്‍ ഒരു നാള്', എങ്ക കാട്ടുല മഴൈ, കോക്ടെയില്‍, 'ചിക്കികു ചിക്കി കിച്ചു', 'യുദ്ധസത്തം' തുടങ്ങിയ പ്രശസ്ത തമിഴ് സിനിമകളില്‍ നായക വേഷം അവതരിപ്പിച്ചിട്ടുണ്ട്.
'സുമേഷ് & രമേഷ്' എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക കൃഷ്ണന് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് നായികയായി ചുവടുവെക്കുന്നു. 'ട്രാഫിക്' (ഹിന്ദി), 'മിലി', 'വേട്ട', 'ജമുനാപ്യാരി', അം അ: തുടങ്ങിയ വിജയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അനീഷ്ലാല്‍ ആര്.എസ് ആദ്യമായി തമിഴില്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
തമിഴ്നാട്ടിലെ മനോഹരമായ പച്ചൈമല, കൊല്ലിമല എന്നീ മലയോര ഗ്രാമങ്ങളുടെ സ്വാഭാവികമായ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം വൈകാരികതയ്ക്കും നാടകീയതയ്ക്കും ഒപ്പം മികച്ച ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്കുന്നു.
https://www.facebook.com/Malayalivartha























