ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച

തെന്നിന്ത്യൻ സിനിമയിലെ സ്വപ്ന റാണി എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് തൃഷ കൃഷ്ണൻ. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന തൃഷയ്ക്ക് ഇന്നും ആരാധകർക്കിടയിലുള്ള സ്വീകാര്യതയ്ക്ക് ഒട്ടും കുറവില്ല. സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും താരപ്രഭാവം കൊണ്ടും തമിഴ് സിനിമയിൽ സ്വന്തമായൊരു ഇടം നേടിയ താരം. ഒരു കാലത്ത് ജയലളിതയെ സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ആരാധകർ ആഘോഷിച്ചതുപോലെ, ഇന്ന് തൃഷയ്ക്കു ചുറ്റും രൂപപ്പെടുന്ന ആരാധകവൃന്ദവും വലിയ ചർച്ചയാണ്. വിജയ് രാഷ്ട്രീയത്തിൽ സജീവമായി തമിഴകത്തിന്റെ അധികാരകേന്ദ്രത്തിലെത്തിയതോടെ തൃഷയെക്കുറിച്ചും പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ, നടിയുടെ പേരിൽ തന്നെ പുതിയ സംഘടന രൂപംകൊണ്ടതോടെ തമിഴ് രാഷ്ട്രീയത്തിൽ മറ്റൊരു താരോദയത്തിന് കളമൊരുങ്ങുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ശേഷം തമിഴകത്ത് ഏറ്റവും സ്വാധീനമുള്ള വനിതാ നേതാവായി തൃഷയെ ഉയർത്തിക്കാട്ടുകയാണ് നടിയുടെ പേരിൽ രൂപീകരിച്ച പുതിയ സംഘടന. 'ഇളയ പുരട്ചി തലൈവി തൃഷ പേരവൈ' എന്നാണ് സംഘടനയുടെ പേര്. മലയാളത്തിൽ പറഞ്ഞാൽ ഇളയ വിപ്ലവ നായിക തൃഷ എന്നർഥം. തിരുനെൽവേലിയിലാണ് സംഘടനയ്ക്ക് തുടക്കമായത്. പേരും ലോഗോയും പുറത്തുവന്നതോടെ തമിഴ് രാഷ്ട്രീയത്തിലും സിനിമാലോകത്തും പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.
തമിഴ്‌നാട്ടിൽ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എം.ജി.ആർ മുതൽ ജയലളിത വരെയുള്ളവർ സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തി അധികാരത്തിന്റെ ഉന്നതങ്ങളിലെത്തിയവരാണ്. ഇപ്പോൾ വിജയിന്റെ രാഷ്ട്രീയ പ്രവേശനവും അതിന്റെ തുടർച്ചയായി വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് തൃഷയുടെ പേരിൽ പുതിയ സംഘടന രംഗത്തെത്തുന്നത്. ജയലളിതയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തി തൃഷയാണെന്നാണ് സംഘടനയുടെ ഭാരവാഹികൾ അവകാശപ്പെടുന്നത്.
എന്നാൽ സംഘടനയുടെ ലക്ഷ്യം രാഷ്ട്രീയ പദവികളല്ലെന്നാണ് കോ-ഓർഡിനേറ്റർ രാജഗോപാൽ പറയുന്നത്. തമിഴ് ജനതയുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനുമാണ് സംഘടന രൂപീകരിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സംഘടനയുടെ പേരും ലോഗോയും പുറത്തിറങ്ങിയതോടെ തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും സജീവമായിട്ടുണ്ട്.
അതേസമയം, ഈ നീക്കത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ. സിനിമാതാരങ്ങളെ നേതാക്കളായി ആഘോഷിക്കുന്ന പ്രവണത നല്ലതല്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. തമിഴ്‌നാട്ടിൽ നിരവധി വിദ്യാസമ്പന്നരുണ്ട്. ഡോക്ടർമാർ ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവുള്ളവർ സമൂഹത്തിന് വലിയ സംഭാവനകൾ നൽകുന്നുണ്ട്. അത്തരക്കാരെ പരിഗണിക്കുന്നതിന് പകരം സിനിമാതാരങ്ങളെ നേതാക്കളായി ഉയർത്തിക്കാട്ടുന്ന രീതി ശരിയല്ലെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിൽ ഇത്തരം ഒരു രാഷ്ട്രീയ സംസ്‌കാരം വളർത്തിയെടുത്തതിൽ ഡിഎംകെ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇതാദ്യമായല്ല തമിഴ്‌നാട്ടിൽ തുടക്കമാകുന്നത്. നേരത്തെ പല സ്ഥലങ്ങളിലും തൃഷ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 2004ൽ നൽകിയ ഒരു അഭിമുഖത്തിൽ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന തരത്തിൽ തൃഷ നടത്തിയ പരാമർശവും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായിരുന്നു. പഴയ അഭിമുഖത്തിലെ ഈ വാക്കുകൾ കൂടി ചർച്ചയായതോടെ നടിയുടെ രാഷ്ട്രീയ താൽപര്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി.
വിജയ് മുഖ്യമന്ത്രിയായതോടെ തമിഴ് രാഷ്ട്രീയത്തിൽ സിനിമാതാരങ്ങൾക്കുള്ള സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തൃഷയുടെ പേരിൽ സംഘടന രൂപീകരിക്കപ്പെട്ടത് യാദൃച്ഛികമാണോ, അതോ വലിയൊരു രാഷ്ട്രീയ നീക്കത്തിന്റെ തുടക്കമാണോ എന്ന ചോദ്യവും ഉയരുന്നു.
എന്നാൽ തൃഷയുടെ നിലപാട് ഏറ്റവും പ്രധാനമാണ്. തന്റെ പേരിൽ സംഘടന രൂപീകരിച്ചതിനെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘടനയുമായി തൃഷയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നോ അവരുടെ അനുമതിയോടെയാണ് സംഘടന പ്രവർത്തിക്കുന്നതെന്നോ വ്യക്തമല്ല. അതുകൊണ്ടുതന്നെ ഇപ്പോൾ പുറത്തുവരുന്ന വാർത്തകളെ തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായി കാണാനാകില്ല.
വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്കെന്ന ചർച്ചകൾക്ക് തമിഴകം കാതോർക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്. സിനിമാതാരങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ആവേശം തമിഴ്‌നാട്ടിൽ വീണ്ടും ശക്തമാകുകയാണ്. ആ ആവേശം തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തിലേക്ക് വഴിമാറുമോ, അതോ പേരിൽ മാത്രം ഒതുങ്ങുന്ന ഒരു സംഘടനയായി ഇത് മാറുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം.
https://www.facebook.com/Malayalivartha
























