സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം, കേരളത്തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയാണ് ലഭിക്കാനാണ് സാധ്യത. മഴയുടെ തീവ്രത കുറഞ്ഞതിനാൽ ഇന്ന് ഒരു ജില്ലകൾക്കും മുന്നറിയിപ്പ് നൽകിയിട്ടില്ല. ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും, മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലിലിറങ്ങിയുള്ള വിനോദങ്ങൾ ഈ അവസരത്തിൽ പൂർണമായും ഒഴിവാക്കേണ്ടതാണ്.
ശനിയാഴ്ച വരെ കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാൽ കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. 23വരെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ പാലക്കാട്ടെ മണ്ണാർക്കാട് ശക്തമായ മലവെള്ളപ്പാച്ചിൽ. മണ്ണാർക്കാട് താലൂക്കിലെ കല്ലടിക്കോട് മീൻവല്ലം മൂന്നേക്കർ ഭാഗത്താണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണി മുതൽ മണ്ണാർക്കാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ഉണ്ടായിരുന്നത്.
ഇതിനിടെയാണ് ശക്തമായ മലവെള്ളപ്പാച്ചിലും ഉണ്ടായത്. നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ പാലക്കാട് ജില്ലയിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ പലയിടങ്ങളിലും ചൊവ്വാഴ്ച മഴ ലഭിച്ചു. അട്ടപ്പാടി ഉൾപ്പെടുന്ന മലയോരമേഖലയിലും മണ്ണാർക്കാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്തത്.
എന്നാൽ ജൂൺ മാസം പകുതി പിന്നിട്ടിട്ടും സംസ്ഥാനത്ത് വേണ്ടത്ര മഴ ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇത്തവണ കാലവർഷം ദുർബലമായാണ് തുടരുന്നത്. ഒരാഴ്ച്ചക്കാലം സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരാനാണ് സാധ്യത. കേരളത്തിലേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന് ശക്തിയില്ലാത്തതാണ് കാരണം. എന്നാല്‍ ഒരാഴ്ച്ചയ്ക്ക് ശേഷം കാലവര്‍ഷം സജീവമാകാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























