മാണിയുടെ നിലപാടു മാറ്റം 50 തദ്ദേശ സ്ഥാപനങ്ങളെ ബാധിക്കും; ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ 40 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ചേര്‍ന്നാണ് ഭരണം

കോട്ടയം ഏതൊരു മുന്നണിയുടേയും സ്വപ്നമാണ്. അത് കോണ്‍ഗ്രസില്‍ നിന്ന് അകന്നാല്‍ പിന്നെ ഭരണം ബാലികേറാമലയാകും. ഇതാണ് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുന്നത്. കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫിലേക്കു ചേക്കേറുമ്പോള്‍ ചലനങ്ങളുണ്ടാകുക മധ്യകേരളത്തിലെ അമ്പതോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍. യു.ഡി.എഫില്‍ ഏറ്റവും കൂടുതല്‍ മാറ്റമുണ്ടാകുക കോട്ടയം ജില്ലയിലായിരിക്കും.
ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ 40 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ചേര്‍ന്നാണു ഭരണം നടത്തിയിരുന്നത്. ജില്ലാ പഞ്ചായത്തു തീരുമാനം പ്രാദേശികമായി നടപ്പാക്കാന്‍ മാണി ഗ്രൂപ്പും, മാണിയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചാല്‍ ഒട്ടേറെ പഞ്ചായത്തുകളില്‍ ഭരണം മാറിമറിയും.
കോട്ടയം ജില്ലയില്‍ പാലാ നഗരസഭ ഒഴികെ 16 പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം തുലാസിലാകും. സഖ്യമുള്ള 24 പഞ്ചായത്തുകളില്‍ 14 എണ്ണത്തില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തിനും ചലനമുണ്ടാകാം. പാലായില്‍ കേരളാ കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. എന്നാല്‍, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരസഭകളില്‍ സ്ഥാനചലനമുണ്ടായേക്കാം. ഇടുക്കി ജില്ലാ പഞ്ചായത്ത്, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളില്‍ പൊട്ടിത്തെറിയുണ്ടാകും.
ഇടുക്കിയില്‍ മൂന്നു ബ്ലോക്ക് പഞ്ചായത്തുകളിലും 10 പഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസ് പിന്തുണയിലാണു കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ ഭരിക്കുന്നത്. അഞ്ചു പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസിനു പിന്തുണയോടെ പ്രസിഡന്റ് സ്ഥാനമുണ്ട്. പുറപ്പുഴ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്കാണു ഭരിക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭ, പെരിങ്ങര, മല്ലപ്പള്ളി, ആനിക്കാട്, ചെറുകോല്‍ പഞ്ചായത്തുകളിലെ ഭരണത്തില്‍ മാറ്റമുണ്ടായേക്കും. എറണാകുളം ജില്ലയില്‍ രണ്ടു പഞ്ചായത്തുകളില്‍ പ്രതിസന്ധിയുണ്ടാകും. തൃശൂര്‍ ജില്ലയില്‍ ഒരു നഗരസഭ, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു പഞ്ചായത്ത് എന്നിവിടങ്ങളില്‍ അധികാരമാറ്റം ഉണ്ടായേക്കാം.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല, ചെങ്ങന്നൂര്‍ നഗരസഭകളിലും തലവടി, മാന്നാര്‍, പള്ളിപ്പാട് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനു ഭരണം നിലനിര്‍ത്താന്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ വേണം. കോഴിക്കോട് ജില്ലയില്‍ ഒരു പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് നിര്‍ണായക ഘടകമാണ്.
https://www.facebook.com/Malayalivartha



























