ബൈക്കില്‍ സഹോദരനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് ടിപ്പറിടിച്ച് ദാരുണാന്ത്യം

സഹോദരനൊപ്പം ബസ് സ്റ്റോപ്പിലേക്ക് ബൈക്കിൽ വരികയായിരുന്ന കോളജ് വിദ്യാർത്ഥിനി ടിപ്പറിടിച്ച് മരിച്ചു. ആറ്റിങ്ങൽ കോരാണി കുറക്കട ശാന്താനിലയത്തിൽ അനുപമയാണ് ( അഖില-18) മരിച്ചത്. സുഗതൻ- സുലു ദമ്പതികളുടെ മകളാണ്. ഇന്ന് രാവിലെ കോരാണി ടോൾ ജംഗ്ഷനിലായിരുന്നു അപകടം.
തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ ബി.കോം വിദ്യാർത്ഥിനിയായ അനുപമ വീട്ടിൽനിന്ന് കോളേജിൽ പോകാനായി ബസ് സ്റ്റോപ്പിലേക്ക് സഹോദരന്റെ ബൈക്കിൽ വരികയായിരുന്നു. ടോൾ ജംഗ്ഷനിലെ മാവേലി സ്റ്റോറിന് സമീപമെത്തിയ ഇവരെ എതിർദിശയിൽ നിന്നെത്തിയ ടിപ്പറാണ് ഇടിച്ചുവീഴ്ത്തിയത്. റോഡിൽ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുപമയെ ഉടൻ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സഹോദരൻ അമലിനും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. വിവരമറിഞ്ഞെത്തിയ പൊലീസ് അപകടത്തിനിടയാക്കിയ ടിപ്പർ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha






















