മലയാളികളെ റോഡ്സുരക്ഷ നിയമം പഠിപ്പിച്ച് സച്ചിൻ

ബൈക്ക് ഓടിക്കുന്നവർ മാത്രമല്ല പിൻ സീറ്റിൽ ഇരിക്കുന്നവരും ഹെൽമെറ്റ് ധരിക്കണമെന്ന ഉപദേശവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഐഎസ്എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനാണ് സച്ചിൻ കേരളത്തിലെത്തിയത്. ഇന്നലെ മുഖ്യമന്ത്രിയെ കണ്ട ശേഷം കേരളത്തിൽ തന്നെ തങ്ങിയ സച്ചിൻ, തന്റെ യാത്രക്കിടയിലാണ് ബൈക്ക് യാത്രികരോട് ഹെൽമെറ്റ് ധരിക്കാൻ ഉപദേശിക്കുന്നത്.
ഇതുസംബന്ധിച്ച് ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്ത മലയാളി യുവതിയെ ഉപദേശിക്കുന്ന വീഡിയോ സച്ചിന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. വാഹനത്തില്‍ പോകുന്നതിനിടയില്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കുന്ന യുവതികളെ കണ്ട് സച്ചിന്‍ തന്‍റെ വാഹനം നിര്‍ത്തി ഹെല്‍മറ്റ് ധരിക്കാന്‍ പറയുകയായിരുന്നു. വാഹനം ഓടിക്കുന്നവർ മാത്രമല്ല പിന്നിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമെറ്റ് ധരിക്കണമെന്നും സച്ചിന്‍ പറയുന്നു.
നേരത്തെ മുംബൈയിൽ ഇരുചക്ര വാഹനത്തിൽ തന്റെ വാഹനത്തെ പിന്തുടർന്ന് സെൽഫി എടുത്ത യുവാക്കളോട് ഹെല്‍മെറ്റ് ധരിക്കാൻ സച്ചിൻ പറഞ്ഞ വിഡിയോ വൈറലായിരുന്നു.
https://www.facebook.com/Malayalivartha
























