ഈ പോസ്റ്റ് എഴുതുമ്പോള്‍ ഹിന്ദു ഐക്യവേദിക്കാര്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയാണ്; എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മകളെ വലിച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരം'': വ്യാജവാര്‍ത്തയ്ക്കെതിരെ വിഡി സതീശന്‍...

തന്റെ മകള്‍ എസ്എഫ്ഐയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച് വിഡി സതീശന്‍ എംഎല്‍എ. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയാണ്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മകളെ വലിച്ചിഴയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സതീശന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇതിന് പിന്നില്‍. അവരൊന്നറിയണം, ഈ പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ശക്തമായ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ഹിന്ദി ഐക്യവേദിക്കാര്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയാണ്. പോസ്റ്റുകള്‍ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവര്‍ അത് ശരിയായിരുന്നോ എന്ന് മനസാക്ഷിയോട് ചോദിക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വിഡി സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്റെ മകള്‍ എസ് എഫ് ഐയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ് . ഇത് ശുദ്ധ അസംബന്ധമാണ് . അവള്‍ കോളേജിലെ കെ.എസ്.യു .പ്രവര്‍ത്തകയാണ് . നേതാവല്ല . കോളേജിലെ കെ.എസ്.യു . യൂണിറ്റ് ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷ്യന്‍ എടുക്കുവാന്‍ പോയപ്പോള്‍ അവള്‍ ആ ടീമിലെ വോളണ്ടിയറായിരുന്നു. സത്യമിതായിരിക്കെ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ എന്റെ മകളെ വലച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
ഞാന്‍ ബിജെപിയില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് എനിക്കറിയാം അവരൊന്നറിയണം .ഞാനിതെഴുതി കൊണ്ടിരിക്കുമ്പോള്‍, മതേതര നിലപാട് ശക്തിയായി ഉയര്‍ത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാര്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി കൊണ്ടിരിക്കുകയാണ് . പോസ്റ്റുകള്‍ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവര്‍ ,അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ!
https://www.facebook.com/Malayalivartha

























