വൈദ്യുതി പോസ്റ്റിലൂടെ എല്ലാ വീട്ടിലും ഇന്റര്‍നെറ്റ്, പദ്ധതിക്ക് കിഫ്ബി പണം നല്‍കും

വൈദ്യുതിയുള്ള എല്ലാവീട്ടിലും ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ബഡ്ജറ്റ് പ്രഖ്യാപനം നടപ്പാക്കാന്‍ കിഫ്ബി 823 കോടിരൂപ നല്‍കും. ശബരിമല മാസ്റ്റര്‍ പ്‌ളാനിലെ ചില പദ്ധതികള്‍ നടപ്പാക്കാന്‍ 141 കോടിയുമുള്‍പ്പെടെ 1113 കോടിരൂപയുടെ നാല് പദ്ധതികള്‍ക്ക് ഇന്നലെ ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റേയും കിഫ്ബി ചെയര്‍മാന്‍ കെ.എം. എബ്രഹാമിന്റേയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഇതിനുള്ള ടെണ്ടര്‍ വിളിക്കുകയാണ് അടുത്തനടപടി. ടെണ്ടര്‍ ഉറപ്പിക്കുന്ന മുറയ്ക്ക് തുക കിഫ്ബി പണം കൈമാറുമെന്ന് യോഗത്തിന് ശേഷം മന്ത്രി തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് (കെ.ഫോണ്‍) ആണ് സാര്‍വ്വത്രിക ഇന്റര്‍നെറ്റ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇതിലൂടെ ഇന്റര്‍നെറ്റ് നല്‍കും. നിലവില്‍ 25 ശതമാനം സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമാണ് ഇന്റര്‍നെറ്റുള്ളത്. പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായിരിക്കും. മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞ നിരക്ക് ഈടാക്കും. എങ്കില്‍ പോലും പദ്ധതി വന്‍ ലാഭമായിരിക്കും. എല്ലാവീടുകളിലും ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതി രാജ്യത്ത് ആദ്യമാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























