നാണക്കേട് വേണ്ട; റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന് ഇനി ധൈര്യമായി അമ്മമാര്‍ക്ക് കുഞ്ഞിന് മുലപ്പാല്‍ നല്‍കാം

കുട്ടികളുമായി യാത്ര ചെയ്യാനെത്തുന്ന അമ്മമാര്‍ക്ക് കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ റയില്‍വേ സ്‌റ്റേഷനുകളില്‍ സൗകര്യമൊരുക്കുന്നു. ഇതിനായി റയില്‍വേ സ്‌റ്റേഷനുകളില്‍ 100ലധികം പ്രത്യേക കാത്തിരുപ്പു മുറികള്‍ പണിയാന്‍ റയില്‍വേ തീരുമാനിച്ചു. റയില്‍വേ മന്ത്രാലയം വനിതാ ശിശുക്ഷേമമന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതിനായി സൗകര്യമൊരുക്കാന്‍ എല്ലാ സോണല്‍ റയില്‍വേ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയതായും റയില്‍വേ മന്ത്രാലയം അറിയിച്ചു.
കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കാന്‍ പ്രത്യേക സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട വനിതാ ശിശുക്ഷേമകാര്യമന്ത്രി മേനകാ ഗാന്ധി റയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം റയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് ജൂണ്‍ എട്ടിന് തന്നെ നിര്‍ദേശം നല്‍കിയതായി റയില്‍ മന്ത്രാലയം അറിയിച്ചു. പുതിയതായി മുറികള്‍ പണിയുകയോ അല്ലെങ്കില്‍ നിലവിലുള്ള വെയ്റ്റിംഗ് റൂമുകളില്‍ സ്വകാര്യ ഇടങ്ങളുണ്ടാക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം. മുലകൊടുക്കാനും മറ്റും സൗകര്യപ്പെടും രീതിയിലുള്ള കസേരകളും ചെറിയ ടേബിളുകളും ഇവിടെ സജീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ മുലപ്പാല്‍ നല്‍കാന്‍ സ്വകാര്യതയില്ലാതെ പ്രയാസപ്പെടുന്നുണ്ടെന്നും റയില്‍വേയുടെ ഈ നടപടി സന്തോഷിപ്പിക്കുന്നതാണെന്നും മേനകാ ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha






















