മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലത്തില്‍ പോസ്റ്ററുകള്‍

സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിയേയും കാണാനില്ലെന്ന് പരിഹസിച്ച് പോസ്റ്ററുകള്‍. സ്വന്തം എംപിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മോദിയുടെ ചിത്രമടക്കം ഉള്‍പ്പെട്ടതാണ് പോസ്റ്റര്‍. വാരണാസിയിലെ എംപിയെ അവസാനമായി മണ്ഡലത്തില്‍ കണ്ടത് മാര്‍ച്ച് നാല് മുതല്‍ ആറ് വരെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റാലിക്കിടെയാണെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. എംപിയെ ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ കാണാതായ എംപിക്ക് വേണ്ടി മിസ്സിംഗ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോസ്റ്ററില്‍ പറയുന്നു.
പോസ്റ്ററിനു താഴെ വാരാണാസിയിലെ നിസ്സഹായരും നിരാശരുമായ ജനങ്ങള്‍ എന്നാണ് നല്‍കിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ മുതല്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ശനിയാഴ്ചയോടെ പോലീസ് ഇടപെട്ട് നീക്കം ചെയ്തു. ജില്ലാ കോടതിയുടെ ചുമരിലും വാരണാസിയുടെ പ്രവേശന കവാടങ്ങളിലും പോസ്റ്റര്‍ പതിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























