തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി

തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ കഴിഞ്ഞ വര്‍ഷത്തെ ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി. ജനങ്ങള്‍ക്കുമേല്‍ ദേശീയത അടിച്ചേല്‍പ്പിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ദേശീയ ഗാനത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണമെങ്കില്‍ അത് കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഇത് കോടതിയുടെ ചുമലിലേക്ക് വെക്കേണ്ട കാര്യമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലെങ്കില്‍ ദേശവിരുദ്ധനാകും എന്ന പേടിയാണ് ജനങ്ങള്‍ക്കുള്ളതെന്നും കോടതി പറഞ്ഞു. ഇന്ന് ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നവര്‍ ടീഷര്‍ട്ടും ഇറക്കം കുറഞ്ഞ വസ്ത്രവും ധരിച്ച് തിയേറ്ററില്‍ വരരുതെന്ന തരത്തിലുള്ള ഉത്തരവും ഭാവിയില്‍ നടപ്പാക്കുകയില്ലേ എന്നും ഇത് സദാചാര പോലീസിങ് പോലുള്ള പ്രവര്‍ത്തനമാണെന്നും കോടതി നിരീക്ഷിച്ചു.
ദേശീയ പതാകയോടും ദേശീയ ഗാനത്തോടുമുള്ള അനാദരവ് തടയണം എന്നാവശ്യപ്പെട്ട് ഭോപ്പാല്‍ സ്വദേശി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി കഴിഞ്ഞവര്‍ഷം എല്ലാ തിയറ്ററുകളിലും ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കാണികള്‍ ഈ സമയത്ത് എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. രാജ്യത്തെ ജനങ്ങള്‍ ദേശീയ ഗാനത്തെയും ദേശീയ പതാകയെയും ആദരിക്കണമെന്ന് കോടതി അന്ന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























