എന്നെ അതിന് കിട്ടില്ല... തന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമതാ, കേന്ദ്രത്തില്‍ നിന്നും എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കും, നവംബര്‍ എട്ട് കരിദിനമായി ആചരിക്കും

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളിയാണ് മമത ബാനര്‍ജി രംഗത്തെത്തിയത്.
തന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല, അതേ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിച്ചാല്‍ പോലും അത് കാര്യമാക്കില്ലെന്ന് മമത തുറന്നടിച്ചു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ 2018 ഫെബ്രുവരിക്ക് ശേഷം റദ്ദാക്കുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ്.
ഏകാധിപത്യ രീതിയിലാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭരണമെന്നും അതിനാല്‍ തന്നെ കേന്ദ്രത്തില്‍ നിന്നും എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്കു വഹിക്കുമെന്നും മമത തുറന്നടിച്ചു. ജനങ്ങളുടെ അവകാശങ്ങളിന്‍മേലും, സ്വകാര്യതയിലും കൈ കടത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും മമത ആരോപണം ഉയര്‍ത്തി. സര്‍ക്കാരിനെതിരെ ആര്‍ക്കും ശബ്ദമുയര്‍ത്താന്‍ പോലും സാധിക്കുന്നില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
മോഡി സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമെന്നും മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിനു പുറമെ പതിനേഴോളം പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha

























