ഗുജറാത്തിലെ പാട്ടിദാര്‍ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയ കേസില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ഹാര്‍ദിക് പട്ടേല്‍

ഗുജറാത്തിലെ പാട്ടിദാര്‍ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയ കേസില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് സംവരണ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേല്‍. പൊലീസിന് തന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ താന്‍ കീഴടങ്ങാന്‍ തയാറാണ്. താന്‍ അഴിക്കുള്ളിലാണെങ്കിലും സംവരണ പ്രക്ഷോഭം തുടരുമെന്നും ഹാര്‍ദിക് പറഞ്ഞു. ബി.ജെ.പി എം.എല്‍.എയുടെ ഓഫിസില്‍ അതിക്രമിച്ചു കയറിയ കേസില്‍ രണ്ടാം തവണയും കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനാല്‍ വിസ്‌നഗര്‍ സെഷന്‍സ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഹാര്‍ദികിന്റെ പ്രതികരണം.
വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും പാട്ടിദാര്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹാര്‍ദികിനെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. ഹാര്‍ദിക് പട്ടേലിനെ കൂടാതെ, ലാല്‍ജി പട്ടേലിനും ആറു പാട്ടിദാര്‍ നേതാക്കള്‍ക്കെതിരെയും അറസ്റ്റ് വാറന്റുണ്ട്. 2015ല്‍ സംവരണ പ്രക്ഷോഭകാലത്ത് വിസ്‌നഗര്‍ എം.എല്‍.എ റിഷികേഷ് പട്ടേലിന്റെ ഓഫിസ് തകര്‍ത്തുവെന്നതാണ് ഇവര്‍ക്കെതിരായ കേസ്. കേസില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കോടതി നടപടികള്‍ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഹാര്‍ദികിന്റെ അഭിഭാഷകനായ രാജേന്ദ്ര പട്ടേല്‍ ബുധനാഴ്ച സമര്‍പ്പിച്ച ഹരജി തള്ളിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
അറസ്റ്റ് വാറന്റ് കിട്ടിയാല്‍ തങ്ങള്‍ ഹാര്‍ദികിനെ അറസ്റ്റ് ചെയ്ത് വിസ്‌നഗ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഹാര്‍ദികിന് ജാമ്യം നല്‍കണോ അതോ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണോ എന്ന കാര്യം കോടതി തീരുമാനിക്കുമെന്നും ഗുജറാത്തിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























