പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച മിമിക്രി കലാകാരന് മുട്ടൻ പണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച മിമിക്രി കലാകാരന് വിലക്കേർപ്പെടുത്തി. ശ്യാം രംഗീലയെന്ന കലാകാരനാണ് വിലക്ക്. സ്റ്റാർ പ്ലസ് ചാനലിന്റെ 'ദ ഗ്രേറ്റ് ഇന്ത്യൻ ലാഫ്റ്റർ ചലഞ്ച് ' എന്ന റിയാലിറ്റി ഷോയിലാണ് ശ്യാം മോദിയെ അനുകരിച്ചത്. എന്നാൽ അനുകരിച്ച ഭാഗങ്ങൾ ഒഴിവാക്കുകയും ശ്യാമിനെ പരിപാടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
മോദിയെ അനുകരിക്കുന്ന എപ്പിസോഡ് ഷൂട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ തനിക്ക് ഷോയുടെ പ്രൊഡക്ഷൻ ടീമിൽ നിന്ന് ഫോൺ വന്നതായും ഈ ഭാഗം സംപ്രേഷണം ചെയ്യാനാവില്ലെന്ന് ചാനൽ അറിയിച്ചു. മാത്രമല്ല മോദിയെ കുറിച്ചുള്ള മറ്റ് രണ്ട് സ്ക്രിപ്റ്റുകളും ചാനൽ തള്ളിക്കളഞ്ഞതായും ശ്യാം പറഞ്ഞു. മത്സരാർത്ഥികളെ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത ചാനൽ, സോഷ്യൽ മീഡിയയിലൂടെ താരമായി കഴിഞ്ഞിരുന്ന ശ്യാമിനെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.
വേണമെങ്കിൽ രാഹുൽ ഗാന്ധിയെ അനുകരിച്ചോളൂ, പ്രധാനമന്ത്രിയെ അനുകരിക്കരുതെന്നാണ് ചാനൽ ആദ്യം നിർദ്ദേശിച്ചത്. എന്നാൽ പിന്നീട് ചാനൽ നിലപാട് മാറ്റി. രാഹുലിനേയും അനുകരിക്കാൻ പാടില്ലെന്നായി. മിമിക്രി അവതരപ്പിച്ച സമയത്ത് റിയാലിറ്റി ഷോയിൽ വിധികർത്താക്കളായി അവിടെയുണ്ടായിരുന്നത് അക്ഷയ് കുമാർ, സാഖിർ ഖാൻ, മല്ലിക ദുവ, ഹുസൈൻ ദലാൽ എന്നിവർ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് അഭിനന്ദിച്ചതെന്നും ശ്യാം പറഞ്ഞു.

പകർപ്പവകാശ പ്രശ്നം പറഞ്ഞ് ചാനൽ വീഡിയോ പിൻവലിച്ചിരുന്നു. രണ്ട് എപ്പിസോഡിന് ശേഷം ഷോയിൽ നിന്ന് ശ്യാം രംഗീല എലിമിനേറ്റായി. പ്രതിഫലമൊന്നും ലഭിച്ചതുമില്ല. പ്രതിഷേധം ഭയന്നാണ് മോദിയെ അനുകരിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയതെന്ന് ചാനൽ ശ്യാമിനെ അറിയിച്ചു.


https://www.facebook.com/Malayalivartha


























