പശുവിനെ കൊല്ലുകയോ അവയ്ക്ക് നേരെ ക്രൂരത കാണിക്കുകയോ ചെയ്‌താൽ..

പശുവിനെ ഉപദ്രവിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കളെ കൊല്ലുകയോ അവരോട് ക്രൂരത കാണിക്കുകയോ ചെയ്യുന്നത് ആരായിരുന്നാലും ഒരാളെയും വെറുതെ വിടില്ലെന്ന് യോഗി പറഞ്ഞു.
പശുക്കളോട് ക്രൂരത കാണിച്ചാൽ ജയിലിലടയ്ക്കുമെന്നും അദ്ദേഹം മുന്നറിപ്പ് നൽകിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ ഗോരക്ഷാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഉത്തർ പ്രദേശിൽ നിന്നും ഗോമാംസം കയറ്റുമതി ചെയ്യുന്നുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. തന്റെ സംസ്ഥാനത്ത് നിന്നും വലിയ അളവിൽ ഗോമാംസം കയറ്റുമതി ചെയ്യുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
ചെറിയ അളവിൽ പോലും ഗോമാംസം ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നില്ലെന്നും ഇത്തരം കാര്യങ്ങൾ യു.പിയിൽ നിരോധിച്ചിരിക്കുന്നതിനാൽ ഗോമാംസം കയറ്റുമതി ചെയ്യുന്നത് പോലുള്ള അഹങ്കാരം ആരും കാണിക്കില്ല.
അനധികൃത കശാപ്പുശാലകൾ രാജ്യത്ത് നിരോധിച്ച ആദ്യ സംസ്ഥാനം ഉത്തർ പ്രദേശാണ്. പശുക്കൾക്ക് പുല്ലുമേയാനുള്ള പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സർക്കാർ മേൽനോട്ടത്തിൽ ഉടൻ തന്നെ ഈ കേന്ദ്രം പ്രവർത്തനം ആരംഭിക്കും. ഇവിടെ സൗജന്യമായി പശുക്കൾക്ക് പുല്ലുമേയാൻ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























