സംസ്ഥാനത്തുണ്ടായിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണിത്; ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് ചെന്നിത്തല

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിതീവ്രമഴ തുടരുകയാണ്. മഴയെ തുടർന്നുള്ള മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും കാരണം പല നദികളിലും ജലനിരപ്പ് ഉയരുകയാണ്. അതോടൊപ്പം തന്നെ ശക്തമായ മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നാറിലെ രാജമലയിൽ നിരവധി പേർ മണ്ണിനടിയിലായി. കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ മഴ പെയ്തൊഴിയാതെ നിൽക്കുകയും മീനച്ചിലാറ്റിൽ വെള്ളം കുത്തനെ ഉയരുകയുമാണ്. മൂന്നാർ രാജമലയിലെ മണ്ണിടിച്ചിലിൽ ഏറെപ്പേർ മരിച്ചെന്ന വാർത്തയെ തുടർന്ന് ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
മൂന്നാർ രാജമലയിലെ മണ്ണിടിച്ചിലിൽ ഏറെപ്പേർ മരിച്ചെന്ന ദുഃഖകരമായ റിപ്പോർട്ടുകളാണ് വരുന്നത്. സംസ്ഥാനത്തുണ്ടായിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണിത്. ലഭ്യമായ കണക്കു പ്രകാരം പതിനഞ്ചോളം പേര് മരിച്ചു എന്നാണ് അറിയുന്നത്. ഒട്ടേറെ പേർ മണ്ണിനടിയിൽ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷേ മോശം കാലാവസ്ഥയും ദുർഘടമായ വഴികളും വാർത്ത വിതരണ സംവിധാനങ്ങളുടെ അപര്യാപ്തതകളും മൂലം കൂടുതൽ സഹായങ്ങൾ വേണ്ടി വരും.
കേരളത്തിൽ പലയിടത്തും രണ്ടു ദിവസം കൂടി അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളിലെ ജനങ്ങളെ എത്രേയും പെട്ടെന്ന് മാറ്റിപാർപ്പിക്കണം. അവർക്ക് ഭക്ഷണവും മറ്റാവശ്യസാധനങ്ങളും എത്രയും പെട്ടെന്ന് എത്തിക്കേണ്ടതായുണ്ട്. എല്ലാവരും ഒത്ത് ചേർന്ന് ഈ ദുരന്തനിർവാരണത്തിന് പ്രയത്നിക്കണം. ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് നമുക്കുള്ളത്. രാജമലയിൽ വ്യോമസേനയുടെ സേവനം എത്രയും പെട്ടന്ന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണം. ദുരന്തത്തിനിരയായവർക്ക് ആദരാഞ്ജലികൾ. മണ്ണിടിച്ചിലിൽ കുടുങ്ങിപോയവരെ എത്രയും പെട്ടെന്ന് രക്ഷിക്കാനാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
https://www.facebook.com/Malayalivartha
























