മറ്റാരും കൂടെയില്ലാതെ ഇത്രയും ദീര്‍ഘയാത്ര പോകുന്നത് അപകടമല്ലേ..? ''ഒറ്റക്കാവുന്നതാണ് നല്ലത്... അപ്പോള്‍ എനിക്ക് എന്നെമാത്രം ശ്രദ്ധിച്ചാല്‍ മതിയല്ലോ..!!! അറം പറ്റിയ അർജുന്റെ വാക്ക്...

വന്‍ ദുരന്തത്തിലേക്ക് പാഞ്ഞടുക്കുന്നതിന് ഒമ്പത് ദിവസം മുമ്പാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഒറ്റക്കണ്ടത്തില്‍ താഴത്ത് സി.എം. സുജിത്തിന്റെ വാട്ട്സാപ്പിലേക്ക് അവസാനമായി കേരളം കാത്തിരിക്കുന്ന കോഴിക്കോടുകാരന്റെ വോയ്സ് മെസേജ് വന്നത്. പിന്നീട് ലോകമെങ്ങുമുള്ള മലയാളികളുടെ കണ്ണീരും നെഞ്ചിടിപ്പുമായി കൂട്ടുകാരന് മാറുന്നതിന് ദൃക്സാക്ഷിയായി, പ്രാര്‍ത്ഥനകള്‍ക്കൊപ്പം കഴിയുന്നതിനിടെ ഫോണിലെ ആ വോയ്സ് മെസേജ് സുജിത്തിനെ ഇപ്പോഴും കരയിക്കുന്നുണ്ട്.
'ഡാ, കുട്ടൂ, ലൈസന്‍സ് നമുക്ക് കർണാടകയിൽ നിന്നെടുക്കാം, പറ്റുന്ന ലോഡ് വന്നാല്‍ ഞാന്‍ വിളിക്കും...' ഇതായിരുന്നു ആ സന്ദേശം. ''കുട്ടു എന്നാണ് അവന് എന്നെ വിളിക്കാറുള്ളത്. ദീര്‍ഘദൂര യാത്രകളില്‍ ഞാനെപ്പോഴും അവന്റെ കൂടെ പോവാറുണ്ടായിരുന്നു. വനപ്രദേശത്തു കൂടി സഞ്ചരിക്കുന്നത് കൊണ്ടാണ് ഫോണ്‍ റേഞ്ചില്ലാത്തതെന്നും സുജിത്തിനുള്ള ലൈസന്‍സ് അവിടെ നിന്ന് എടുക്കാമെന്നുമായിരുന്നു ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം. അടുത്ത് ഒരു വലിയ ലോഡ് ലഭിച്ചാല്‍ ഒരുമിച്ച് പോകാമെന്നും മെസേജില്‍ പറയുന്നുണ്ട്.
തന്നെ വിളിക്കാമെന്ന് പറഞ്ഞ് ആ ചാറ്റ് അവസാനിപ്പിച്ച സുഹൃത്തിനുണ്ടായ അപ്രതീക്ഷിത ദുരന്തം മാനസികമായി തളര്‍ത്തിയെങ്കിലും കൂട്ടുകാരൻ തിരിച്ചുവരുമെന്നും വിളിക്കുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് സുജിത്ത്. മറ്റാരും കൂടെയില്ലാതെ ഇത്രയും ദീര്‍ഘയാത്ര പോകുന്നത് അപകടമല്ലേ എന്ന് ഒരു തവണ കൂട്ടുകാരനോട് ചോദിച്ച സംഭവം വിഷമത്തോടെ ഓര്‍ത്തെടുക്കുന്നുണ്ട് സുജിത്ത്. ''എന്തെങ്കിലും അപകടം ഉണ്ടായാല്‍ എന്തുചെയ്യും?'' എന്നാണ് ഞാന്‍ ചോദിച്ചത്.
''ഒറ്റക്കാവുന്നതാണ് നല്ലതെന്നും അപ്പോള്‍ എനിക്ക് എന്നെമാത്രം ശ്രദ്ധിച്ചാല്‍ മതിയല്ലോ'' എന്നായിരുന്നു അന്ന് മറുപടി'.അധികം ചായ കുടിക്കുന്ന ശീലം അവനു ഇല്ലായിരുന്നു. വണ്ടിയില്‍ ഉറങ്ങി രാവിലെ എഴുന്നേറ്റാലും പുറത്ത് നിന്ന് ചായ കുടിക്കുന്ന പതിവില്ല. ലോറിക്കുള്ളില്‍ തന്നെ അകപ്പെട്ടിരിക്കാനാണ് സാധ്യത.''- ഡ്രൈവിംഗിനിടയില്‍ ഭക്ഷണം എപ്പോഴെങ്കിലും കഴിക്കുന്ന രീതിയാണ് കൂട്ടുകാരന്റേതെന്നും സുജിത്ത് പറയുന്നു.
വീട് നിര്‍മിച്ചതിന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു അവൻ. ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയെന്നറിഞ്ഞാല് ഫോണില്‍ വിളിക്കും. 'നാട്ടിലേക്ക് ഇറങ്ങില്ലേ' എന്ന ചോദ്യത്തിന് നാളെ രാവിലെ ലോഡുമായി പോകണം എന്നും അതുവരെ വീട്ടുകാർക്കൊപ്പം ചിലവഴിക്കട്ടെ എന്നുമാണ് മിക്കപ്പോഴും ലഭിച്ചിരുന്ന മറുപടി. എത്ര വലിയ ലോഡ് ആണെങ്കിലും സഹായികളായി ആരും ഇല്ലെങ്കിലും അവൻ ആ ദൗത്യം ഏറ്റെടുക്കും. ''ഏത് സാഹചര്യത്തെയും അതിജീവിക്കാമെന്ന ആത്മവിശ്വാസം അവന്റെ വാക്കുകളില്‍ എപ്പോഴും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























