കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഇ.ഡി അന്വേഷണം അയ്യന്തോൾ അടക്കം 4 സഹകരണ ബാങ്കുകളിലേക്കു കൂടി...സിപിഎമ്മിന്റെ ഒരു സംസ്ഥാന നേതാവുകൂടി അന്വേഷണ പരിധിയിൽ... കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം, തൃശൂർ ജില്ലയിലെ 4 സഹകരണ ബാങ്കുകൾ വഴി പുറത്തേക്കു കടത്തി...ഇ ഡി കണ്ടെത്തൽ ഗുരുതരം...

കരുവന്നൂർ സഹകരണ ബാങ്കിൽ പി.സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണം അയ്യന്തോൾ അടക്കം 4 സഹകരണ ബാങ്കുകളിലേക്കു കൂടി വ്യാപിച്ചതിനോടൊപ്പം സിപിഎമ്മിന്റെ ഒരു സംസ്ഥാന നേതാവുകൂടി അന്വേഷണ പരിധിയിലെത്തിയെന്നും സൂചന. മുൻ മന്ത്രി എ.സി.മൊയ്തീനും സതീഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ്, ഇതുവരെ സംശയനിഴലിൽ ഉൾപ്പെടാതിരുന്ന മറ്റൊരു ഉന്നത നേതാവിലേക്കു കൂടി നീളുന്നത്.കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ 4 സഹകരണ ബാങ്കുകൾ വഴി പുറത്തേക്കു കടത്തി എന്നാണു ഇ.ഡി കണ്ടെത്തിയത്.
വിദേശത്തു നിന്നെത്തിച്ചു കള്ളപ്പണം വെളുപ്പിച്ചതിനു പുറമേ പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം വൻതോതിൽ കൈക്കൂലിപ്പണവും സതീഷ് കുമാർ സഹകരണ ബാങ്കുകളിലൂടെ വെളുപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തി. മാസപ്പലിശയ്ക്കു സതീഷിന്റെ കയ്യിൽ പണം കൊടുക്കുകയായിരുന്നു ഇവരുടെ രീതി. ഇക്കൂട്ടത്തിൽ നീതിന്യായ മേഖലയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥനടക്കമുണ്ടെന്നു പരിശോധനയിൽ വ്യക്തമായി.ഇവരിൽനിന്നു സ്വരൂപിച്ച പണമടക്കം വിവിധ സഹകരണ ബാങ്കുകളിലെ ബെനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ചു വെളുപ്പിച്ചെടുക്കുകയായിരുന്നു സതീഷിന്റെ രീതി.കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.
നോട്ട് അസാധുവാക്കൽ സമയത്ത് ഒരാളിൽനിന്ന് മാത്രം മൂന്നുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും 1000 രൂപയുടെ ബില്ലുകളാക്കിയാണ് ഇത് ചെയ്തതെന്നുമുള്ള രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നിയമസാധുതയില്ലാത്തതായി പ്രഖ്യാപിച്ച മൂന്നുകോടിയുടെ നോട്ടുകൾക്ക് പകരമായി ബാങ്ക് 1.5 കോടിയാണ് നൽകിയത്. ഒരംഗം മുഖേനയാണ് ഇടപാട് നടന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ആസൂത്രിത തട്ടിപ്പാണെന്ന് സി.പി.എം പ്രതിനിയായ മുൻ ഭരണസമിതിയംഗം മഹേഷ് കൊരമ്പിൽ. ബാങ്ക് പ്രസിഡന്‍റിന്‍റെ കള്ള ഒപ്പിട്ട് പോലും സെക്രട്ടറി വായ്പ അനുവദിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. കുടിശ്ശിഖ പിരിക്കാൻ പോയ ഭരണസമിതിയംഗത്തെ 50 ലക്ഷം വായ്പ എടുത്ത സജി വർഗീസ് പൂട്ടിയിട്ടിട്ടും സി.പി.എം മൗനം പാലിച്ചെന്നും മഹേഷ് പ്രതികരിച്ചത്.
കരുവന്നൂർ ബാങ്കിലെ ഇടപാടിൽ സി.പി.എം ചതിച്ചെന്ന് സി.പി.ഐ പ്രതിനിധികളായ മുൻ ഭരണസമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞിരുന്നു. സി.പി.എം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലളിതനും സുഗതനും ഉന്നയിച്ചത്.അഞ്ച് ലക്ഷം വരെയുള്ള ചെറിയ വായ്പകകൾ മാത്രമാണ് തങ്ങളുടെ മുമ്പിൽ വന്നതെന്നും വലിയ വായ്പകൾ ഭരണസമിതി അറിയാതെയാണ് നൽകിയതെന്നും ഇരുവരും വ്യക്തമാക്കി. സി.പി.എം ജില്ല കമ്മിറ്റിയംഗമായ സി.കെ ചന്ദ്രനാണ് ബാങ്കിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്.തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി സമപിച്ചപ്പോൾ സി.പി.എം നേതാക്കൾ അവഗണിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കാനം രാജേന്ദ്രൻ അടക്കമുള്ള സി.പി.ഐ നേതാക്കളെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു.
ഇ.ഡി അന്വേഷണത്തിലൂടെ മുതിർന്ന നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും ഇവർ പറയുന്നു.ഇനിയും കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ ആളുകളുടെ പങ്ക് പുറത്തു വരുമെന്നുള്ളത് ഉറപ്പ് . സ്വന്തം പാർട്ടി പ്രതിനിധികൾ തന്നെ ഇപ്പോൾ കരുവനൂരിൽ നടന്നിരിക്കുന്നത് ആസൂത്രിത തട്ടിപ്പെന്നൊക്കെ പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നുണ്ട് . ഈ സാഹചര്യത്തിൽ പുറത്തു വന്നിരിക്കുന്ന മൊഴികൾ എല്ലാം കേസിൽ നിർണായക വഴി തിരിവ് ആവും. കൂടുതൽ ആളുകളെ അന്വേഷണ പരിധിയിലേക്ക് കൊണ്ട് വരാനുള്ള എല്ലാം സാധ്യതയും ഉണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങളും പുറത്തു വരും.
https://www.facebook.com/Malayalivartha