വൈദ്യുതി-റെയിൽ മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ജനകീയ പങ്കാളിത്തത്തോടെ സംയുക്ത പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരണം. എളമരം കരീം എം.പി

വൈദ്യുതി മേഖലയിലും, റെയിൽവെ മേഖലയിലും നടത്തിവരുന്ന സ്വകാര്യവൽക്കരണ ശ്രമങ്ങൾക്കെതിരായി ഈ മേഖലകളിലെ ജീവനക്കാരുടെയും, ഓഫീസർമാരുടെയും, കരാർ ജീവനക്കാരുടെയും സംയുക്ത കൺവെൻഷൻ തിരുവനന്തപുരം ബി.ടി.ആർ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എളമരം കരീം എം.പി.
ലോകത്ത് എവിടെയും പൊതുഗതാഗതം സ്വകാര്യവൽക്കരിച്ചിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്ത റെയിൽവെയുടെയും വൈദ്യുതി മേഖലയുടെയും പശ്ചാത്തല സൗകര്യങ്ങൾ യാതൊരു മുതൽമുടക്കുമില്ലാതെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുകയാണ്.
വളരെ തന്ത്രപ്രധാനമായ ഈ രണ്ടു മേഖലയിലെയും പരിഷ്‌കാരങ്ങൾ എല്ലാം ഏറ്റവും കൂടുതൽ ബാധിക്കുക സാധാരണ ജനവിഭാഗങ്ങളെയാണ്. ഇതോടൊപ്പം ഇന്ധനവില എണ്ണ കമ്പനികൾ നിശ്ചയിക്കുന്നത് പോലെ യാത്രാ കൂലിയും വൈദ്യുതി ചാർജ്ജും സ്വകാര്യ കച്ചവടക്കാർ നിശ്ചയിക്കുന്ന രീതിയിലേക്ക് മാറാൻ ഉള്ളതിന്റെ അന്തർ നാടകങ്ങളാണ് ഈ മേഖലകളുടെ സ്വകാര്യവൽക്കരണത്തോടൊപ്പം നടക്കുവാൻ പോകുന്നത്.
പൊതുജന പങ്കാളിത്തത്തോടെ വമ്പിച്ച പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.
ദക്ഷിണ റെയിൽവെ എംപ്ലോയീസ് യൂണിയൻ(ഡി.ആർ.ഇ.യു) ജോ.ജനറൽ സെക്രട്ടറി രവികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് ഭാവി പ്രക്ഷോഭങ്ങളുടെ രൂപരേഖ അവതരിപ്പിച്ച് സംസാരിച്ചു.
വൈദ്യുതി മേഖലയിലെ ദേശീയ സംഘടനയുടെ സെക്രട്ടറി(ഇ.ഇ.എഫ്.ഐ) എം.ജി സുരേഷ് കുമാർ റെയിൽവെ മേഖലകളിലെ ട്രേഡ് യൂണിയൻ നേതാക്കളായ കെ അലി അക്ബർ(പ്രസിഡന്റ്, എസ്.ആർ.എൽ.പി) കെ.ജെ ഐസക്(ജന:സെക്രട്ടറി, റെയിൽവെ കൺസ്ട്രക്ഷൻ ലേബർ യൂണിയൻ), കെ.അച്യുതൻ(ജന:സെക്രട്ടറി, റെയിൽവെ കോൺട്രാക്ട് കേറ്ററിംഗ് & ജനറൽ വർക്കേഴ്‌സ് യൂണിയൻ)ഡി.സുശോഭനൻ(ജോ.ജനറൽ സെക്രട്ടറി, ഡി.ആർ.പി.യു) സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ ഹരികൃഷ്ണൻ,രഘുനാഥ് പനവേലി, വിവിധ സംഘടനാ നേതാക്കളായ ജാസ്മിൻ ബാനു, ഗീത, ആർ.ജി പിള്ള എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഹരിലാൽ സ്വാഗതവും ഇ.ഇ.എഫ്.ഐ ദേശീയ സെക്രട്ടറി സി ഉണ്ണികൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു
https://www.facebook.com/Malayalivartha