നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു
നാലു വയസ്സുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം ഡോക്ടര്‍ നാവില്‍ ശസ്തക്രിയ നടത്തിയത്. സസ്പെന്ഷന് ശേഷം നാട്ടില്‍ പോയ ഡോക്ടറെ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. നാവില്‍ കെട്ട് കണ്ടതിനെ തുടര്‍ന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ നടത്തിയതെന്ന വാദം ഡോക്ടര്‍ ആവര്‍ത്തിച്ചു. ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് നാവിലെ തകരാര്‍ കണ്ടെത്തിയതെന്നും ഡോക്ടര്‍ മൊഴി നല്കി. ചോദ്യം ചെയ്യുമ്പോള്‍ ശസ്ത്രക്രിയ സമയത്ത് ഒപ്പമുണ്ടായിരുന്ന നഴ്സുമാരും ഡോക്ടര്‍മാരും ഉണ്ടായിരുന്നു.
നേരത്തെ കുടുംബത്തിന്റെ പരാതിയില്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കുടുംബത്തിന്റെ വാദം ശരിവച്ചാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. നാലു വയസ്സുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ചികിത്സ വീഴ്ചയുണ്ടെന്നും പൊലീസ് കരുതുന്നു. കുട്ടിക്ക് നാക്കിന് കുഴപ്പമുണ്ടായിരുന്നു എന്ന് ഒരു ചികിത്സാ രേഖയിലും ഇല്ല. ഇത് സംബന്ധിച്ച ചികിത്സയ്ക്കല്ല അവര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഐപിസി 336, 337 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ടൗണ്‍ എസിപിക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ചെറുവണ്ണൂര്‍ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവം വിവാദമായതോടെ മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം സംഭവത്തില്‍ ന്യായീകരണവുമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേര്‍സ് അസോസിയേഷന് (KGMCTA) രംഗത്തെത്തിയിരുന്നു. കുട്ടിയുടെ നാക്കിലും പ്രശ്നം ഉണ്ടായതുകൊണ്ടാണു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയില്‍ പെട്ടിരുന്നു. നാക്കിനടിയിലെ ചെറിയ വൈകല്യം ആയതിനാല്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടാറില്ല. അത് മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ സംസാര വൈകല്യത്തിനു കാരണമാകാം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് ഇതിനു പ്രഥമ പരിഗണന നല്‍കിയതെന്നും കെജിഎംസിടിഎ കോഴിക്കോട് യൂണിറ്റ് അഭിപ്രായപ്പെട്ടു.
നാക്കില്‍ കെട്ട് ഇല്ലാത്ത കുട്ടികളില്‍ ഈ ശസ്ത്രക്രിയ നടത്താന്‍ സാധ്യമല്ല. ഈ ശസ്ത്രക്രിയയ്ക്കു ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ ഇപ്പോള്‍ തന്നെ ചെയ്യണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനാല്‍ അതും ചെയ്തു. നാക്കിന്റെ താഴെ പാട പോലെ കാണുന്നതു നാക്കിലെ കെട്ട് ആണ്. ഇതാണു ശസ്ത്രക്രിയ ചെയ്തു മാറ്റിയത്. ഇത് ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി. ഇതല്ലാതെ നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സംഘടന വ്യക്തമാക്കി.
നേരത്തെ ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ല എന്ന് ഡോക്ടര്‍ രേഖയില്‍ എഴുതിയിരുന്നു. ഈ ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ കുറിച്ചിരുന്നു. നേരത്തെ കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ കുട്ടിയിലാണ് ശസ്ത്രക്രിയ മാറി ചെയ്തത്.
https://www.facebook.com/Malayalivartha