ബിജെപി ഭയം, ജോസ്‌മോന് സീറ്റ് എല്‍ഡിഎഫ് പൊളിയാതിരിക്കാന്‍ സിപിഎം ചാവേറായി....

ബിജെപിയുടെ കുതിപ്പിപ്പില്‍ ഇടതുമുന്നണി തകരുമെന്ന് ഭയന്ന് സിപി.എം ചാവേറായി. പിണറായിയും കൂട്ടരും മുന്നണിക്കുള്ളില്‍ പത്തിമടക്കി. ലോക്‌സഭാ സീറ്റും തോറ്റു, രാജ്യസഭ കൂടി കിട്ടിയില്ലെങ്കില്‍ ജോസ് കെ.മാണിയും സംഘവും യുഡിഎഫിലേക്ക് പോകുമോ എന്ന ആശങ്കയും സിപിഎമ്മില്‍ ഉരുണ്ടുകൂടി. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ പ്രഹരത്തിന് പിന്നാലെ ഇരുട്ടടിയായിരിക്കും സിപിഎമ്മിന് ലഭിക്കുക. ഇതെല്ലാം മുന്‍കൂട്ടികണ്ടാണ് തല്‍ക്കാലം വഴങ്ങാന്‍ തീരുമാനിച്ചത്. സിപിഐയെ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും തങ്ങളുടെ സീറ്റ് വിട്ടുനല്‍കില്ലെന്നവര്‍ കട്ടായം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും പിടിപ്പുകേടുകൊണ്ടാണ് ജനം ഇത്രയും വലിയ തിരിച്ചടി നല്‍കിയതെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ രൂക്ഷവിമര്‍ശമാണ് നടന്നത്. ഭരണകക്ഷിയും പ്രതിപക്ഷവും പൊതുജനവും മുഖ്യമന്ത്രിക്ക് നേരെയാണ് വിരല്‍ചൂണ്ടുന്നത്. എന്നിട്ടും അദ്ദേഹം തിരുത്താന്‍ തയ്യാറാകുന്നില്ല. ധിക്കാരവും ധാര്‍ഷ്ട്യവും ഇപ്പോഴും പ്രകടിപ്പിക്കുകയും ചെയ്യുന്നു.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം പോയാല്‍ പിന്നാലെ പോകാന്‍ പലരും പെട്ടിയും കിടക്കയും കെട്ടിറെഡിയാക്കി വച്ചിരിക്കുകയാണ്. ആര്‍എല്‍ഡി നേതാവ് ശ്രേയാംസ്‌കുമാര്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് അടര്‍ത്തിയെടുത്തവരെല്ലാം അവിടേക്ക് തിരികെ മടങ്ങിയാല്‍ പിണറായിക്ക് മാത്രമല്ല, സിപിഎമ്മിനും അത് വലിയ നാണക്കേടായിരിക്കും. അതൊഴിവാക്കാനാണ് രാജ്യസഭാ സീറ്റ് അടിയറവച്ചത്.
ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ വോട്ട് ബിജെപി പലയിടത്തും കവര്‍ന്നെടുത്തത് വിശ്വസിക്കാന്‍ അവര്‍ക്കിപ്പോഴും ആയിട്ടില്ല. 11 ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള ഒരു നിയമസഭാ മണ്ഡലങ്ങളില്‍ പോലും എല്‍ഡിഎഫിന് ലീഗ് നേടാനായില്ല എന്ന് പറയുന്നത് തകര്‍ച്ചയുടെ ആഴം എത്രത്തോളമുണ്ടെന്ന് അടിവരയിടുന്നതാണ്. 77 നിയമസഭാ മണ്ഡലങ്ങളാണ് കൈവിട്ടിരിക്കുന്നത്. നിലവില്‍ 99 എംഎല്‍എമാരുമായാണ് പിണറായി ഭരണം നടത്തുന്നത്. കേവലം 22 നിയമസഭാ മണ്ഡലങ്ങളാണ് ഇപ്പോഴും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 118ഉം യുഡിഎഫിനും ബിജെപിക്കും ഒപ്പം.
ഇങ്ങിനെയൊരവസരത്തില്‍ തിരിച്ചുവരുക അസാധ്യമാണ്. പ്രത്യേകിച്ച് പിണറായി വിജയനെ പോലെ, യാതൊരു സൗമ്യതയുമില്ലാത്ത ഒരാള്‍ സര്‍ക്കാരിനെ നയിക്കുമ്പോള്‍. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കല്യാശേരി, ധര്‍മടം, മട്ടന്നൂര്‍, തലശ്ശേരി, ഷൊര്‍ണൂര്‍, മലമ്പുഴ, തരൂര്‍, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, കയ്പമംഗലം, കൊടുങ്ങല്ലൂര്‍, വൈക്കം, മാവേലിക്കര, കുന്നത്തൂര്‍, കൊട്ടാരക്കര, വര്‍ക്കല നിയമസഭാ മണ്ഡലങ്ങളാണ് ഇപ്പോഴും ഇടതിനൊപ്പമുള്ളത്. മുന്നണിയുടെ വോട്ട് വിഹിതവും കുറഞ്ഞു. 2019ല്‍ 35.1 ശതമാനം വോട്ട് കിട്ടിയെന്നാണ് സിപിഎമ്മിന്റെ രേഖകള്‍ പറയുന്നത്. ഇത്തവണയത് 34.63 ആയി കുറഞ്ഞു. അതായത് മൂന്ന് ലക്ഷത്തിലധികം വോട്ട് ചോര്‍ന്നു.
ഇത് യുഡിഎഫിലേക്കല്ല പോയത്. കാരണം അവരുടെ വോട്ടും ചോര്‍ന്നിട്ടുണ്ട്. അതുകൊണ്ട് ഇരുമുന്നണികളുടെയും വോട്ടര്‍മാര്‍ ബിജെപിക്കൊപ്പം നിന്നെന്ന് ഉറപ്പായിരിക്കുകയാണ്. 2019ല്‍ തന്നെ വോട്ട് ചോര്‍ച്ച പരിഹരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ 2021ല്‍ പിണറായിക്ക് രണ്ടാമൂഴം ലഭിച്ചതോടെ സിപിഎം അതില്‍ മതിമറന്നു.
ഇസ്രയേല്‍-പലസ്തീന്‍ ആക്രമണം പോലും സംസ്ഥാനത്ത് ചര്‍ച്ചയാക്കി മുസ്ലിം വോട്ട് നേടാനുള്ള സിപിഎമ്മിന്റെ ശ്രമം തെരഞ്ഞെടുപ്പില്‍ പാളി. അവരാരും സിപിഎമ്മിനൊപ്പം നിന്നില്ല. ഫലം വന്നതിന് പിന്നാലെ സമസ്ത മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രൂക്ഷമായി വിര്‍ശിച്ച് രംഗത്തെത്തി. സമസ്തയെ എങ്ങനെയും പാട്ടിലാക്കി ലീഗിനെ കൂടി തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള പിണറായിയുടെ തന്ത്രവും പാളി. പൊന്നാനിയിലും മലപ്പുറത്തും ലീഗ് മികച്ചപ്രകടനം കാഴ്ചവെച്ചു.
കോഴിക്കോട് എളമരം കരീമിനെ അപ്രസക്തനാക്കിയ വിജയമാണ് എം.കെ രാഘവന്‍ നേടിയത്. താഴേക്കിടയിലുള്ള മുസ്ലിം നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ അമിത പ്രാധാന്യമാണ് നല്‍കുന്നതെന്ന ആക്ഷേപം ശക്തമാണ്. എളമരം കരിം, ആരിഫ്, കെ.ടി ജലീല്‍ എന്നിവരടങ്ങുന്ന അച്ചുതണ്ട് സിപിഎമ്മില്‍ സജീവമാണെന്ന് പലരും അടക്കംപറയുന്നുണ്ട്. പല വിഷയങ്ങളിലും ഇവര്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ സംശയം തോന്നാം. ക്രൈസ്തവ സഭ അധ്യക്ഷന്മാര്‍ നിരവധി വിഷയങ്ങള്‍ ഉന്നയിച്ചിട്ടും അതിനെയെല്ലാം അവഗണിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ എടുത്തത്. അതിലവര്‍ക്ക് ശക്തമായ എതിര്‍പ്പുള്ളത് കൊണ്ടാണ് ഇത്തവണ അവര്‍ യുഡിഎഫിനൊപ്പം നിന്നതും തൃശൂരില്‍ സുരേഷ് ഗോപിയെ പിന്തുണച്ചതും. എല്ലാക്കാലവും സിപിഎമ്മിനെ സഹായിച്ചിരുന്ന എസ്എന്‍ഡിപി, കെപിഎംഎസ് വോ്ട്ടുകള്‍ ബിജെപിക്കാണ് ലഭിച്ചത്. ആലപ്പുഴയില്‍ 10 ശതമാനത്തിലധികം വോട്ട് ശോഭാസുരേന്ദ്രന്‍ വാരിക്കൂട്ടത് അങ്ങനെയാണ്. ആറ്റിങ്ങലിലും ഇതേ പാറ്റേണിലുള്ള മത്സരമാണ് നടന്നത്. ഇതിനി തിരിച്ചുപിടിക്കാന്‍ വലിയ പ്രയാസമാണ്.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ അടിവേരിളകുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. നാളിതുവരെ ഭരണം നഷ്ടപ്പെട്ടിട്ടില്ലാത്ത തിരുവനന്തപുരം നഗരസഭ വരെ പോകാനുള്ള എല്ലാസാധ്യതയുമുണ്ട്. മേയര്‍ ആര്യാ രാജേന്ദ്രന്‍ അതിനുള്ളതെല്ലാം ഒപ്പിച്ചുവച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൊയ്യാനുള്ള രാഷ്ട്രീയ കാലാവസ്ഥ കേരളത്തിലുണ്ട്. ഭരിക്കുന്ന പഞ്ചായത്തുകളുടെയും ജയിക്കുന്ന വാര്‍ഡുകളുടെയും എണ്ണം കൂടുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫിനും മികച്ച നേട്ടമുണ്ടാക്കാനാകും. ഒരു പക്ഷെ, ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകാനുള്ള സാധ്യതയും തളളിക്കളയാനാകില്ല. അതുകൊണ്ട് ജാതി-മത ഭേദമന്യേ എല്ലാവര്‍ക്കുമൊപ്പം നിന്നാല്‍ വലിയ പരുക്കുകളില്ലാതെ രക്ഷപെടാനാകും. അതിന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തണം. മുഖ്യമന്ത്രി ശൈലിമാറ്റണം. നേതാക്കളുടെ ധിക്കാരവും അഹങ്കാരവും അവസാനിപ്പിക്കണം. റേഷന്‍കടകളിലും സപ്‌ളൈകോയിലും അവശ്യസാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കണം. ഇതിനെല്ലാമുപരി നേതാക്കള്‍ സൗമ്യമായി ഇടപെടുകയും മക്കളെ നിലയ്ക്ക് നിര്‍ത്തുകയും വേണം. ഇതൊക്കെ സിപിഎമ്മിന് ആവുമോ എന്ന് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.
https://www.facebook.com/Malayalivartha