ഇതെന്ത് മായാജാലം... ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി; ദേവസ്വം ബോര്‍ഡ് തീരുമാനം തിരുത്തിയില്ല
വീണ്ടും ശബരിമല വാര്‍ത്തയാകുകയാണ്. ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്.
പത്ത് വയസ്സാണ് പ്രായമെന്നും ആദ്യ ആര്‍ത്തവം ഉണ്ടാകാത്തതിനാല്‍ പ്രായപരിധി പരിഗണിക്കാതെ മലകയറാന്‍ അനുവദിക്കണം എന്നായിരുന്നു കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയുടെ ആവശ്യം. പത്ത് വയസ്സിന് മുന്‍പ് കൊവിഡ് കാലത്ത് ശബമലയിലെത്താന്‍ ആഗ്രഹിച്ചതാണെന്നും അച്ഛന്റെ ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ലെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞു.
ഇത്തവണ തന്നെ മലകയറാന്‍ അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വത്തോട് കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. ഇതോടെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.
ആചാരങ്ങള്‍ പാലിച്ച് മലകയറാന്‍ കഴിയുമെന്നും പത്ത് വയസ്സെന്ന പ്രായപരിധി സാങ്കേതികമെന്നും പെണ്‍കുട്ടി കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 10 മുതല്‍ 50 വയസ്സ് വരെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം നിലപാടില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
അതേസമയം ശബരിമല വിമാനത്താവളത്തിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാന്‍ ഫ്രഞ്ച് സംരംഭമായ അസിസ്റ്റെം സ്റ്റൂപ്പിനെ കെഎസ്‌ഐഡിസി ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതു മുതല്‍ മുടങ്ങിയിരുന്ന നടപടികള്‍ക്കാണ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതോടെ ജീവന്‍വച്ചത്.
ശബരിമല വിമാനത്താവളത്തിന്റെ സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോര്‍ട്ട് (ടെക്‌നോ ഇക്കോണമിക് ഫീസിബിലിറ്റി റിപ്പോര്‍ട്ട്) രാജ്യാന്തര കണ്‍സല്‍റ്റന്റുകളായ ലൂയി ബ്ഗര്‍ 2022 ജൂണില്‍ തന്നെ നല്‍കിയിരുന്നു. അതിനുശേഷം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറന്‍സും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയും ലഭിച്ചു. പരിസ്ഥിതി അനുമതിയാണ് ഇനി ലഭിക്കേണ്ടത്. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് (സിഎംഡി) നിയോഗിച്ച വിദഗ്ധ സമിതി സാമൂഹികാഘാത പഠനവും നടത്തി.
ആദ്യ 3 അനുമതികളും ലഭിച്ചാല്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാം. വ്യോമയാന മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ നിര്‍മാണവുമായി മുന്നോട്ടു പോകാന്‍ കഴിയൂ. അതിനായി അപേക്ഷിക്കേണ്ടത് ഡിപിആര്‍ ഉള്‍പ്പെടെയാണ്. ഡിപിആറിന് ടെന്‍ഡര്‍ ക്ഷണിക്കുകയും സ്റ്റൂപ് കണ്‍സല്‍റ്റന്റ്‌സ് മുന്നിലെത്തുകയും ചെയ്തിരുന്നു. അതിനിടെ സ്റ്റൂപ്പിനെ ഫ്രഞ്ച് കണ്‍സല്‍റ്റന്റായ അസിസ്റ്റെം ഏറ്റെടുത്തു. ഇനി അസിസ്റ്റെം സ്റ്റൂപ് എന്ന ഫ്രഞ്ച് സംരംഭമായിരിക്കും ഡിപിആര്‍ തയാറാക്കുക. 6 മാസത്തിനകം സമര്‍പ്പിക്കണം. ജിഎസ്ടി ഉള്‍പ്പെടെ 4.36 കോടി രൂപയാണു ചെലവ്.
വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറന്‍സിന് 2 വര്‍ഷത്തേക്കാണ് കാലാവധി. സൈറ്റ് ക്ലിയറന്‍സ് കിട്ടിയത് 2023 ഏപ്രില്‍ 13നായതിനാല്‍ 2025 ഏപ്രില്‍ 12നകം ഡിപിആര്‍ ഉള്‍പ്പെടെ അപേക്ഷിച്ച് തത്വത്തില്‍ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ഇനി 10 മാസം മാത്രം. ഇല്ലെങ്കില്‍ ഇതുവരെ കിട്ടിയ അനുമതികളെല്ലാം ലാപ്‌സാകും.
നിര്‍മാണത്തിന് വിമാനത്താവള കമ്പനി (എസ്പിവി) രൂപീകരിക്കേണ്ടതുമുണ്ട്. ചെറുവള്ളി എസ്റ്റേറ്റും അടുത്തുള്ള സ്വകാര്യ ഭൂമിയും ചേര്‍ത്ത് 2410 ഏക്കര്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ വിജ്ഞാപനം ചെയ്തിരുന്നു. പക്ഷേ, അതിനെതിരെ എസ്റ്റേറ്റ് ഉടമസ്ഥരായ അയന ചാരിറ്റബിള്‍ സൊസൈറ്റി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നേടി.
https://www.facebook.com/Malayalivartha